ഇന്ത്യൻ ഹൈക്കമ്മീഷണറടക്കം ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി കാനഡ
Tuesday, October 15, 2024 12:26 AM IST
ഓട്ടവ: കാനഡയുടെ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കിയതിന് പിന്നാലെ ഇന്ത്യയുടെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡയും പുറത്താക്കി. ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ അടക്കമുള്ള ആറ് ഉദ്യോഗസ്ഥരെയാണ് കാനഡ പുറത്താക്കിയത്. കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് ഇവരെ പുറത്താക്കിയത്.
ഇന്ത്യൻ ഉദ്യോഗസ്ഥർക്കെതിരായ തെളിവുണ്ടെന്ന് കാനഡ അവകാശപ്പെടുന്നു. ഭീഷണിപ്പെടുത്തിയും ആനുകൂല്യങ്ങൾ നല്കിയും പണം ശേഖരിച്ചുവെന്നും തെക്കനേഷ്യൻ സമൂഹത്തിലെ ചിലരെ ലക്ഷ്യം വയ്ക്കാൻ ഈ വിവരം ഉപയോഗിച്ചുവെന്നും ഖലിസ്ഥാൻ അനുകൂലികളെ ഇന്ത്യ ലക്ഷ്യമിട്ടെന്നും കാനഡ വിമർശിക്കുന്നു. ഇന്ത്യൻ ഉദ്യോഗസ്ഥരെ പുറത്താക്കിക്കൊണ്ടുള്ള വിശദീകരണക്കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.
കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ ഇന്ന് വൈകുന്നേരം പുറത്താക്കിയിരുന്നു. ആക്ടിംഗ് ഹൈക്കമീഷണർ, ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ഉൾപ്പെടെ ആറ് പേരെയാണ് പുറത്താക്കിയത്. ഈ മാസം 19 നകം ഉദ്യോഗസ്ഥരോട് രാജ്യം വിടാൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്റെ നിജ്ജറുടെ കൊലപാതകത്തിൽ ഇന്ത്യൻ ഹൈക്കമ്മീഷണറെ പ്രതിയാക്കാനുള്ള കാനഡയുടെ നീക്കത്തിൽ കടുത്ത പ്രതിഷേധം അറിയിച്ചാണ് ഇന്ത്യയുടെ നടപടി.