യൂത്ത് കോണ്‍ഗ്രസിന്റെ പാര്‍ലമെന്റ് മാര്‍ച്ചില്‍ സംഘര്‍ഷം; പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി
Monday, March 27, 2023 2:55 PM IST
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചില്‍ സംഘര്‍ഷം. ഡല്‍ഹി ജന്തര്‍ മന്തറില്‍ നിന്ന് പാര്ലമെന്റിലേയ്ക്കായിരുന്നു മാര്‍ച്ച്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയ പ്രവര്‍ത്തകരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി.ശ്രീനിവാസിന്റെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് ജന്തര്‍ മന്തറിന്റെ ഗെയിറ്റിന് സമീപത്തുവച്ച് തന്നെ ഡല്‍ഹി പോലീസും കേന്ദ്രസേനയും ചേര്‍ന്ന് തടഞ്ഞു. ബാരിക്കേഡുകള്‍ മറികടന്ന് മുന്നോട്ട് പോകാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രതീകാത്മകമായി പണം നിറച്ച പെട്ടികള്‍ പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളിലേയ്ക്ക് വലിച്ചെറിഞ്ഞു. പ്രവര്‍ത്തകരില്‍ ചിലരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും പ്രതിഷേധം തുടരുകയാണ്.
ഒരു പ്രതിഷേധം പോലും പാടില്ലെന്ന തരത്തില്‍ പൂര്‍ണമായ സ്വേച്ഛാധിപത്യമാണ് നടക്കുന്നതെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ പ്രതികരിച്ചു. ഇത് രാഹുലിന് വേണ്ടി മാത്രം നടത്തുന്ന പ്രതിഷേധമല്ല, ഭരണകൂടത്തോട് വിയോജിപ്പ് രേഖപ്പെടുത്താനുള്ള ശബ്ദത്തിന് വേണ്ടി നടത്തുന്ന പോരാട്ടമാണ്.
മോദിയും സംഘവും കല്പിക്കുന്ന അയോഗ്യതയാണ് രാഹുലിന്റെ ഏറ്റവും വലിയ യോഗ്യതയെന്നും ഷാഫി പറഞ്ഞു.