ജെഡിഎസ് കേരള ഘടകം ദേവഗൗഡയെ കണ്ടു; എന്‍ഡിഎയുടെ ഭാഗമാകുന്നതില്‍ അതൃപ്തി അറിയിച്ചെന്ന് മാത്യു.ടി.തോമസ്
Sunday, October 1, 2023 3:20 PM IST
ബംഗളൂരു: ജെഡിഎസ് കേരള ഘടകം നേതാക്കള്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എച്ച്.ഡി.ദേവഗൗഡയെ കണ്ടു. എന്‍ഡിഎയുടെ ഭാഗമാകാനുള്ള തീരുമാനത്തില്‍ അതൃപ്തി അറിയിച്ചെന്ന് മാത്യു.ടി.തോമസ് പ്രതികരിച്ചു.
ബിജെപി വിരുദ്ധ കോണ്‍ഗ്രസ് ഇതര രാഷ്ടീയതുമായി മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യകതയും ദേവഗൗഡയെ അറിയിച്ചു. അത് അദ്ദേഹം ഉള്‍ക്കൊണ്ടെന്നും മാത്യു.ടി.തോമസ് പറഞ്ഞു.
ബിജെപി ബന്ധമുള്ള പാര്‍ട്ടിയായി ഇടതുമുന്നണിയില്‍ തുടരാനാവില്ലെന്ന് സിപിഎം താക്കീത് നല്‍കിയതോടെയാണ് നേതാക്കള്‍ ബംഗളൂരുവിലെത്തി ദേവഗൗഡയെ കണ്ടത്. ഒക്ടോബര്‍ ഏഴിന് എറണാകുളത്ത് ചേരുന്ന ജെഡിഎസിന്റെ സംസ്ഥാന നേതൃയോഗത്തില്വച്ചാണ് ഇക്കാര്യത്തില്‍ അന്തിമ നിലപാട് സ്വീകരിക്കുക.
അതേസമയം എന്‍ഡിഎ സഖ്യത്തിനൊപ്പം നില്‍ക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന് ദേവഗൗഡ നേരത്തേ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി അധ്യക്ഷനെന്ന നിലയില്‍ ഒരു തീരുമാനവും സംസ്ഥാനഘടകത്തിന്മേല് അടിച്ചേല്‍പിക്കില്ലെന്നും ദേവഗൗഡ അറിയിച്ചിരുന്നു.