കെ - 9 സ്ക്വാഡ് നായ്ക്കളെ ഉപയോഗിച്ച് വിഐപികൾക്ക് പൂവ് കൊടുക്കുന്നത് നിർത്തണമെന്ന് വിദഗ്ധർ
Friday, June 9, 2023 10:57 PM IST
ന്യൂഡൽഹി: കോംബാറ്റ് പരിശീലനം ലഭിച്ച കാനൈൻ സ്ക്വാഡ് നായകളെ വിഐപികൾക്ക് പൂവ് കൊടുക്കുന്നത് അടക്കമുള്ള പരിപാടികളിൽ നിന്ന് ഒഴിവാക്കണമെന്ന് വിദഗ്ധർ. ബോംബ് സ്ക്വാഡിലും നർക്കോട്ടിക്സ് സ്ക്വാഡിൽ നിന്നും പരിശീലനം ലഭിച്ച നായകളെ ഇത്തരം പരിപാടികളിൽ നിന്ന് മാറ്റിനിർത്തണമെന്നും നിർദേശമുണ്ട്.
സൈനിക - പോലീസ് സേനകളിൽ നിന്നുള്ള കെ - 9(കാനൈൻ സ്ക്വാഡ്) വിദഗ്ധർ നടത്തിയ ഉന്നതതല യോഗത്തിലാണ് ഇത്തരം നിർദേശങ്ങൾ നൽകിയത്.
വിഐപികൾക്ക് ഹസ്തദാനം നൽകാനും പൂവ് കൊടുത്ത് സ്വീകരിക്കാനും നായ്ക്കളെ നിയോഗിക്കുന്നത് തെറ്റല്ല. എന്നാൽ ഇത്തരം കാര്യങ്ങൾക്ക് "ഓപ്പറേഷനൽ ഡോഗുകളെ' ഉപയോഗിക്കരുത്. പ്രത്യേക ഡെമോ ഡോഗ് സ്ക്വാഡ് രൂപീകരിച്ച് ഷോ ചടങ്ങുകൾ നടത്തുന്നതാണ് ഉചിതമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.
മണ്ണിടിച്ചൽ അടക്കമുള്ള പ്രകൃതിദുരന്തങ്ങളിൽ മൃതദേഹങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന "കഡാവർ സ്നിഫിംഗ് ഡോഗുകളെ' ദേശീയ ദുരന്ത നിവാരണ സേന(എൻഡിആർഎഫ്) അടക്കമുള്ള എല്ലാ സേനകളും റിക്രൂട്ട് ചെയ്യണമെന്നും നിർദേശമുണ്ട്. നിലവിൽ കേരള പോലീസിന് മാത്രമാണ് ഇതിനായി പ്രത്യേക കാനൈൻ യൂണിറ്റുള്ളത്.