എംബിബിഎസിന് സീറ്റ് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടി; പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ
Friday, June 2, 2023 10:33 AM IST
കോട്ടയം: എംബിബിഎസിനു സീറ്റ് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ കബളിപ്പിച്ച കേസിൽ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ. തിരുവല്ല നിരണം പഞ്ചായത്ത് പ്രസിഡന്റ് കടുപ്പിലാറിൽ കെ.പി. പുന്നൂസ് (80) ആണ് അറസ്റ്റിലായത്.
കോട്ടയം ഈസ്റ്റ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ കോട്ടയം പുതുപ്പള്ളി സ്വദേശിയായ മധ്യവയസ്കനിൽനിന്നും മകൾക്ക് ബിലിവേഴ്സ് ചർച്ച് ഹോസ്പിറ്റലിൽ സ്പോട്ട് അഡ്മിഷനിൽ എംബിബിഎസിന് സീറ്റ് തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ കബളിപ്പിച്ച് വാങ്ങിച്ചെടുക്കുകയായിരുന്നു.
പുന്നൂസ് പറഞ്ഞതിൻ പ്രകാരം മധ്യവയസ്കൻ പലതവണയായി 25 ലക്ഷം രൂപ ഇയാൾക്ക് അയച്ചു കൊടുക്കുകയും ചെയ്തു. എന്നാൽ പുന്നൂസ് ഇയാളുടെ മകൾക്ക് എംബിബിഎസിന് സീറ്റ് തരപ്പെടുത്തി കൊടുക്കാതിരിക്കുകയും, പണം തിരികെ നൽകാതെയും കബളിപ്പിക്കുകയായിരുന്നു. ഇയാളുടെ പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.