കെഎസ്ആർടിസിയിൽനിന്നു വിരമിക്കുന്നത് 961 ജീവനക്കാർ
പ്രദീപ് ചാത്തന്നൂർ
Monday, February 26, 2024 4:44 PM IST
ചാത്തന്നൂർ: കെഎസ്ആർടിസിയിൽ നിന്നും വരുന്ന ഏപ്രിൽ മുതൽ 2025 മാർച്ച് 31 - നകം വിരമിക്കുന്നത് 961 ജീവനക്കാർ. ഈ സാമ്പത്തികവർഷവും ആയിരത്തോളം ജീവനക്കാർ വിരമിച്ചു. ജീവനക്കാർ വിരമിക്കുന്നു എങ്കിലും പുതിയ നിയമനം കോർപ്പറേഷൻ നടത്തുന്നില്ല.
2016ന് ശേഷം പിഎസ്സി മുഖേന ഒറ്റ നിയമനവും നടത്തിയിട്ടില്ല. 2016ന് മുമ്പ് പിഎസ്സി തയാറാക്കിയ റിസർവ് കണ്ടക്ടർ, റിസർവ് ഡ്രൈവർ ലിസ്റ്റുകളുടെ കാലാവധി കഴിഞ്ഞു. ജീവനക്കാരുടെ ക്ഷാമത്തിലേയ്ക്കാണ് കെഎസ്ആർടിസി നീങ്ങുന്നത്.
ഡിടിഒ,എറ്റി ഒ, സൂപ്രണ്ട്, തുടങ്ങിയ ഉന്നത തസ്തികയിലുള്ള 13 പേർ വിരമിക്കുന്നവരുടെ പട്ടികയിലുണ്ട്. കണ്ടക്ടർ, ഡ്രൈവർ, മെക്കാനിക്കൽ, എന്നീ വിഭാഗം ഓപ്പറേറ്റിംഗ് ജീവനക്കാരാണ് വിരമിക്കുന്നവരിൽ 90 ശതമാനവും. ഇത് സർവീസ് ഓപ്പറേഷനെ കാര്യമായി ബാധിക്കും.
നിലവിൽ പ്രതിദിനം 3,600 മുതൽ 4,000 ബസുകൾ വരെയാണ് സർവീസ് നടത്തുന്നത്. പ്രതിദിനം ശരാശരി ഒമ്പത് കോടിയിലേറെ രൂപയുടെ ടിക്കറ്റ് വരുമാനവും നേടുന്നുണ്ട്. ദീർഘദൂര സർവീസുകൾ നടത്തുന്നത് ഉൾപ്പെടെയുള്ളത് പഴഞ്ചൻ ബസുകൾ ഉപയോഗിച്ചാണ്.
2016ന് ശേഷം കെഎസ്ആർടിസിക്ക് പുതുതായി ഒരു ബസ് പോലും വാങ്ങുകയോ ഒരു ജീവനക്കാരനെപ്പോലും നിയമിക്കുകയോ ചെയ്തിട്ടില്ല. കാലഹരണപ്പെട്ട ബസുകൾ കട്ടപ്പുറത്തേയ്ക്കും ജീവനക്കാർ വിരമിച്ച് സ്വന്തം വഴിക്കും നീങ്ങുന്നു.
വിരമിക്കുന്ന ജീവനക്കാരുടെ പട്ടിക കെഎസ്ആർടിസി പുറത്തിറക്കി. ഇവർക്ക് പെൻഷൻ അനുവദിക്കുന്നതിനായി രേഖകളും സേവന പുസ്തകവും പെൻഷൻ ബുക്കും അവസാനത്തെ ശമ്പളത്തിന്റെ സർട്ടിഫിക്കറ്റും തയാറാക്കാൻ ജില്ലാ ഓഫീസുകൾക്ക് നിർദ്ദേശം നല്കിയിട്ടുണ്ട്.