കെടിയു വിസിയായി സജി ഗോപിനാഥ് ചുമതലയേറ്റു
Saturday, April 1, 2023 4:21 PM IST
തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാലയുടെ(കെടിയു) വൈസ് ചാന്‍സലര്‍ ആയി ഡോ. സജി ഗോപിനാഥ് ചുമതലയേറ്റു. ഡിജിറ്റല്‍ സര്‍വകലാശാല വിസിയായ ഗോപിനാഥിന് അധിക ചുമതലയായാണ് കെടിയു വിസി സ്ഥാനം നല്‍കിയത്.
മുന്‍ വിസി ഡോ. സിസ തോമസ് വെള്ളിയാഴ്ച വിരമിച്ച പശ്ചാത്തലത്തിലാണ് ചുമതലമാറ്റം. ഗോപിനാഥിന് ചുമതല നല്‍കിക്കൊണ്ട് വെള്ളിയാഴ്ചയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉത്തരവിറക്കിയത്. സര്‍ക്കാര്‍ നല്കിയ പാനലില്‍ നിന്നാണ് ഗോപിനാഥിനെ ഗവര്‍ണര്‍ തെരഞ്ഞെടുത്തത്.
കെടിയു വിസിയായിരുന്ന ഡോ. എം.എസ്. രാജശ്രീയുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് ഇതേ കാരണം ചൂണ്ടിക്കാട്ടി ഡോ. സജി ഗോപിനാഥ് ഉള്‍പ്പെടെയുള്ള വിസിമാര്‍ക്ക് ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി രാജ്ഭവനില്‍ ഹിയറിംഗും നടത്തിയിരുന്നു.
രാജശ്രീക്ക് പകരം താല്‍ക്കാലിക വിസിയായി നിയമിക്കാനായി സര്‍ക്കാര്‍ സമര്‍പ്പിച്ച മൂന്നംഗ പാനലിലെ ഒന്നാമത്തെ പേരുകാരനായിരുന്നു ഗോപിനാഥ്. എന്നാല്‍ അന്ന് സര്‍ക്കാര്‍ നല്കിയ ലിസ്റ്റ് തള്ളിയ ഗവര്‍ണര്‍, സിസ തോമസിന് ചുമതല കൈമാറുകയായിരുന്നു. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ശീതസമരത്തിന്റെ ഭാഗമായായിരുന്നു അന്നത്തെ നീക്കം.
ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ വീണ്ടും സൗഹൃദത്തിലായതോടെ ഗോപിനാഥിനെ തന്നെ വിസിയായി നിയമിച്ച് ഉത്തരവ് ഇറക്കുകയായിരുന്നു.