കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട
Saturday, January 28, 2023 5:50 PM IST
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ ഒരു ദിവസത്തിനിടെ മൂന്ന് കോടിയിലേറെ രൂപയുടെ അനധികൃത സ്വർണം കസ്റ്റംസ് പിടിച്ചു. കഴിഞ്ഞ രാത്രിയും ഇന്ന് രാവിലെയുമായി വന്നിറങ്ങിയ മലപ്പുറം, കോഴിക്കോട് സ്വദേശികളായ അഞ്ച് യാത്രക്കാരിൽ നിന്ന് 5.719 കിലോഗ്രാം സ്വർണമിശ്രിതമാണ് പിടിച്ചത്.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കഴിഞ്ഞ രാത്രി ദുബായിയിൽ നിന്നെത്തിയ കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശി കലംതോടൻ സൽമാനുൽ ഫാരിസിൽ നിന്നും 959 ഗ്രാം സ്വർണം പിടിച്ചു. രാവിലെ ഗൾഫ് എയർ വിമാനത്തിൽ ജിദ്ദയിൽ നിന്നും എത്തിയ മലപ്പുറം സ്വദശികളായ മുന്ന് യാത്രക്കാരിൽ നിന്നുമായി 3,505 ഗ്രാം സ്വർണമാണ് പിടിച്ചത്.
വള്ളുവമ്പ്രം സ്വദേശിയായ തയ്യിൽ തൊടി നൗഷാദിൽ നിന്നും 1,167 ഗ്രാമും ആമയൂർ സ്വദേശിയായ കൊട്ടകോടൻ ജംഷീർമോനിൽ നിന്നും 1,168 ഗ്രാം സ്വർണവും പന്തല്ലൂർ സ്വദേശിയായ കുവപ്പിലം മുഹമ്മദ് അസ്ലമിൽ നിന്നും 1,170 ഗ്രാം സ്വർണവും ആണ് പിടിച്ചത്.
രാവിലെ ഫ്ലൈ ദുബായി വിമാനത്തിൽ ദുബായിയിൽ നിന്നെത്തിയ കോഴിക്കോട് അത്തോളി സ്വദേശിയായ ഐനിപ്പുറത്ത് ഷറഫുദീനിൽ നിന്നും 1,255 ഗ്രാം സ്വർണവും കസ്റ്റംസ് പിടിച്ചു.