കരുവന്നൂർ ബാങ്ക് തട്ടിപ്പ്: പി.ആർ. അരവിന്ദാക്ഷൻ അറസ്റ്റിൽ
Tuesday, September 26, 2023 2:32 PM IST
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ പി.ആർ. അരവിന്ദാക്ഷനെ ഇഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) അറസ്റ്റ് ചെയ്തു.
ഇന്ന് തൃശൂരിൽ നിന്നും അരവിന്ദാക്ഷനെ കസ്റ്റഡിയിലെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കൊച്ചിയിലെ ഇഡി ഓഫീസിൽ എത്തിച്ച അരവിന്ദാക്ഷനെ അറസ്റ്റിന് പിന്നാലെ കൂടുതൽ ചോദ്യം ചെയ്യുമെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
കരുവന്നൂർ ബാങ്ക് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ഇഡി നടപടി. കേസിലെ മുഖ്യപ്രതി സതീഷ്കുമാറിന്റെ അടുത്ത സുഹൃത്തായ അരവിന്ദാക്ഷൻ പണമിടപാടിലെ ഇടനിലക്കാരൻകൂടിയായിരുന്നു.
നേരത്തെ, ചോദ്യം ചെയ്യലിനിടെ ഇഡി ഉദ്യോഗസ്ഥർ തന്നെ മർദിച്ചെന്ന് അരവിന്ദാക്ഷൻ പരാതി ഉന്നയിച്ചിരുന്നു. ഇതിൽ പോലീസിൽ പരാതിയും നൽകിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇപ്പോൾ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് മുൻമന്ത്രിയും എംഎൽഎയുമായ എ.സി. മൊയ്തീൻ, സിപിഎം സംസ്ഥാന സമിതി അംഗവും തൃശൂർ സഹകരണ ബാങ്ക് പ്രസിഡന്റുമായ എ.കെ. കണ്ണൻ എന്നിവരെയും ഇഡി ചോദ്യം ചെയ്തിരുന്നു. സിപിഎം അത്താണി ലോക്കൽ കമ്മിറ്റിയംഗം കൂടിയായ അരവിന്ദാക്ഷൻ എ.സി. മൊയ്തീന്റെ വിശ്വസ്തനായാണ് കണക്കാക്കുന്നത്.
അതേസമയം, കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യൽ കൊച്ചി ഇഡി ഓഫീസിൽ ഇന്നും തുടരുകയാണ്. തൃശൂർ സഹകരണ ബാങ്ക് സെക്രട്ടറി എൻ ബി ബിനു, കരുവന്നൂർ ബാങ്ക് മുൻ സെക്രട്ടറി ജിൽസ്, മുഖ്യപ്രതി സതീശ് കുമാറിന്റെ ഭാര്യ ബിന്ദു എന്നിവരെയാണ് വിളിച്ചുവരുത്തിയത്.