ശാരീരിക അസ്വാസ്ഥ്യമില്ല, ഇഡി ആവശ്യപ്പെട്ടാൽ ഇനിയും വരുമെന്ന് എം.കെ. കണ്ണൻ
Friday, September 29, 2023 6:50 PM IST
കൊച്ചി: ശാരീരിക അസ്വസ്ഥതകളുണ്ടെന്ന് കാട്ടി കരുവന്നൂർ തട്ടിപ്പ് കേസിലെ ചോദ്യംചെയ്യലിൽ നിന്ന് താൻ ഒഴിഞ്ഞുമാറിയെന്ന ആരോപണം ശരിയല്ലെന്ന് സിപിഎം നേതാവും തൃശൂർ സഹകരണ ബാങ്ക് പ്രസിഡന്റുമായ എം.കെ. കണ്ണൻ.
ഇഡിയുടെ ചോദ്യംചെയ്യല്‍ സൗഹാര്‍ദപരമായിരുന്നുവെന്നും താൻ ആരോഗ്യവാനാണെന്നും കണ്ണൻ പറഞ്ഞു. തന്റെ ഭാര്യയെയും മക്കളെയും പേടിപ്പിക്കാനായിരിക്കും തനിക്ക് ശാരീരിക അസ്വസ്ഥതകളുണ്ടെന്ന് വാർത്ത നൽകിയത്.
ഇഡി ഇനി ആവശ്യപ്പെട്ടാലും ചോദ്യംചെയ്യലിനായി വരുമെന്നും കണ്ണൻ കൂട്ടിച്ചേർത്തു.
നേരത്തെ, ശരീരത്തിന് വിറയലുണ്ടെന്ന് പറഞ്ഞ് കണ്ണന് ചോദ്യങ്ങളില്‍നിന്ന് ഒഴിവാകുകയായിരുന്നെന്ന് ഇഡി അറിയിച്ചിരുന്നു. ഇത് നിസഹകരണത്തിന്റെ ഭാഗമായ തന്ത്രമാണെന്ന് സംശയിക്കുന്നതായും ഇഡി വ്യക്തമാക്കി. കണ്ണന് ഒരു ചോദ്യത്തിന് പോലും മറുപടി നല്‍കിയില്ല. ചോദ്യം ചെയ്യല്‍ തുടരാന്‍ കഴിയാത്തതിനാല്‍ ഇയാളെ പറഞ്ഞയയ്ക്കുകയായിരുന്നുവെന്നാണ് ഇഡി ഭാഷ്യം.