പ്രണയബന്ധം വീട്ടുകാർ എതിർത്തു; സഹോദരിമാർ ജീവനൊടുക്കി
Thursday, June 8, 2023 7:21 PM IST
ട്രിച്ചി: ഇതര മതത്തിൽപ്പെട്ട യുവാക്കളുമായുള്ള ബന്ധം വീട്ടുകാർ എതിർത്തതോടെ സഹോദരിമാർ കിണറ്റിൽ ചാടി ജീവനൊടുക്കി. തമിഴ്നാട്ടിലെ ട്രിച്ചിയിലാണ് സംഭവം. പി.ഗായത്രി (23), പി.വിദ്യ (21) എന്നിവരാണ് മരിച്ചത്.
ഏതാനും വർഷങ്ങളായി തിരുപ്പുർ ജില്ലയിലെ കാങ്കേയത്ത് ഒരു ടെക്സ്റ്റൈൽ മില്ലിൽ ജോലി ചെയ്യുകയായിരുന്ന യുവതികൾ ഒരുമിച്ച് ജോലി ചെയ്യുന്നവരും സഹോദരന്മാരുമായ യുവാക്കളുമായി പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ അച്ഛനും അമ്മയും മുസ്ലിം മത വിശ്വാസികളായ യുവാക്കളുമായുള്ള ബന്ധത്തെ എതിർത്തു.
തുടർന്നും മക്കൾ പ്രണയബന്ധം തുടരുന്നുണ്ടെന്ന് മനസിലാക്കിയ മാതാപിതാക്കൾ നിലപാട് ആവർത്തിക്കുകയും യുവാക്കളോട് സംസാരിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഇതിനുശേഷം ഗായത്രിയും വിദ്യയും വീട്ടിൽനിന്ന് പോയി. ഇവരെ തെരയുന്നതിനിടെ വീട്ടിൽനിന്ന് 400 മീറ്ററുകൾ മാത്രം അകലെയുള്ള കിണറ്റിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കിണറ്റിന് സമീപത്തുനിന്ന് ഇവരുടെ മൊബൈൽ ഫോണുകൾ ലഭിച്ചു.
കിണറ്റിൽ ചാടി ജീവിതം അവസാനിപ്പിക്കാനുള്ള തങ്ങളുടെ തീരുമാനത്തെക്കുറിച്ച് കാമുകൻമാരുടെ അമ്മയ്ക്ക് യുവതികൾ ശബ്ദസന്ദേശം അയച്ചിരുന്നുവെന്നു പോലീസ് പറഞ്ഞു.