ജീവനോടെയുണ്ട്; വ്യാജ മരണവാർത്തയിൽ പ്രതികരണവുമായി മധു മോഹൻ
Friday, December 2, 2022 10:01 PM IST
തിരുവനന്തപുരം: മലയാള സീരിയൽ നടനും സംവിധായകനുമായ മധു മോഹൻ മരിച്ചതായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വാർത്ത വ്യാജമെന്ന് സ്ഥിരീകരണം. വാർത്തയ്ക്കു പിന്നാലെ പ്രതികരണവുമായി മധു മോഹൻ തന്നെ രംഗത്തെത്തി.
വാർത്തയറിഞ്ഞ് വിളിക്കുന്നവരുടെ എല്ലാം ഫോണ്‍ അറ്റന്റ് ചെയ്യുന്നത് മധു മോഹൻ തന്നെയാണ്. "പറഞ്ഞോളൂ മധു മോഹനാണ്, ഞാൻ മരിച്ചിട്ടില്ല’ എന്ന വാചകത്തോടെ ഫോണ്‍കോൾ തുടങ്ങേണ്ട അവസ്ഥയാണ് തനിക്കിപ്പോഴുളളതെന്നും അദ്ദേഹം പ്രതികരിച്ചു.
താൻ മരിച്ചോ എന്നറിയാൻ ആളുകൾ വിളിക്കുന്നത് തന്നെ തന്നെയാണെന്നും യൂട്യൂബിന്റെ പബ്ലിസിറ്റിക്കു വേണ്ടി ആരോ കൊടുത്തതാകാം ഈ വ്യാജ വാർത്തയെന്നും അദ്ദേഹം പറഞ്ഞു. അവർ പബ്ലിസിറ്റിക്കു പിന്നാലെ പോകട്ടെ. തനിക്ക് അതിനു നേരമില്ല. ഏതായാലും താൻ ജീവനോടെ ഉണ്ടെന്ന് ആളുകൾ അറിഞ്ഞല്ലോയെന്നും വാർത്തയ്ക്കു പിന്നാലെ നടത്തിയ പ്രതികരണത്തിൽ മധു മോഹൻ വ്യക്തമാക്കി.