അമൃത്പാൽ സിംഗ്; മഹാരാഷ്ട്രയിലും ജാഗ്രതാ നിർദേശം
Thursday, March 23, 2023 11:48 AM IST
മുംബൈ: ഖലിസ്ഥാൻ അനുകൂലിയും വാരിസ് പഞ്ചാബ് ദേ തലവനുമായ അമൃത്പാല്‍ സിംഗ് ഒളിവിൽപ്പോയ സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ ജാഗ്രതാ നിർദേശം. നാന്ദേഡ് ഉൾപ്പെടെയുള്ള ചില ജില്ലകളിൽ മഹാരാഷ്ട്ര പോലീസ് അതീവ ജാഗ്രതാ നിർദേശം നൽകി.
നാന്ദേഡിലേക്ക് വരുന്നവരെയും പോകുന്നവരെയും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. മഹാരാഷ്ട്ര ആന്റി ടെറർ സ്ക്വാഡ് ജാഗ്രത പുലർത്തുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി.
അതേസമയം, അമൃത്പാൽ സിംഗിനെതിരെ പഞ്ചാബ് പോലീസ് ചൊവ്വാഴ്ച ലുക്ക്ഔട്ട് സർക്കുലറും (എൽഒസി) ജാമ്യമില്ലാ വാറന്റും (എൻബിഡബ്ല്യു) പുറപ്പെടുവിച്ചു.
അമൃത്പാലിനെ പിടികൂടാനുള്ള എല്ലാ ശ്രമങ്ങളും നടത്തിവരികയാണ്. ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഏജൻസികളിൽ നിന്നും പഞ്ചാബ് പോലീസിന് പൂർണ സഹകരണം ലഭിക്കുന്നുണ്ട്. ഇയാളുടെ അനുയായികളായ 154 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഐജി സുഖ്ചെയിൻ സിംഗ് ഗിൽ പറഞ്ഞു.