മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം; ഇംഫാലില്‍ രണ്ടിടത്ത് പോളിംഗ് നിര്‍ത്തിവച്ചു
Friday, April 19, 2024 3:39 PM IST
ഇംഫാല്‍: മണിപ്പുരില്‍ വോട്ടെടുപ്പിനിടെ വീണ്ടും സംഘര്‍ഷം. ഇംഫാലില്‍ രണ്ടിടത്ത് പോളിംഗ് നിര്‍ത്തിവച്ചു.
ഇംഫാലിലെ തൊംഗ്ജു, കോംഗ്മാന് എന്നിവിടങ്ങളിലുള്ള ബൂത്തുകളിലാണ് വോട്ടെടുപ്പ് നിര്‍ത്തിവച്ചത്. വോട്ടെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് ചില ആളുകള്‍ ബൂത്തിലെത്തി ബഹളം വയ്ക്കുകയായിരുന്നു ഇതോടെ പോളിംഗ് ഓഫീസര്‍ ബൂത്ത് പൂട്ടി.
തോംഗ്ജു പോളിംഗ് സ്റ്റേഷനില്‍ രാവിലെ ആയുധധാരികളായ സംഘമെത്തി വോട്ടിംഗ് തടസപ്പെടുത്തിയിരുന്നു. അക്രമികള്‍ വോട്ടിംഗ് സാമഗ്രികള്‍ തല്ലിത്തകര്‍ത്തു. ഇതിന് പിന്നാലെയാണ് വോട്ടെടുപ്പിൽ ക്രമക്കേട് ഉണ്ടെന്ന് ആരോപണം ഉയർന്നത്.
രാവിലെ മുതൽ മണിപ്പുരിലെ വിവിധയിടങ്ങളില്‍ സംഘര്‍ഷമുണ്ടായിരുന്നു. ബിഷ്ണുപൂരില്‍ ആള്‍ക്കൂട്ടം ബൂത്ത് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് ആകാശത്തേക്ക് വെടിവച്ചു.
തമന്പോക്പി മണ്ഡലത്തില്‍ അക്രമികള്‍ ആളുകള്‍ക്ക് നേരേ വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റെന്നാണ് സൂചന.