മുന്‍കൂര്‍ ജാമ്യത്തിനെതിരേ അപ്പീൽ നൽകില്ല; മുകേഷിനെ സംരക്ഷിച്ച് സർക്കാർ
Monday, September 9, 2024 8:40 AM IST
തിരുവനന്തപുരം: ബലാത്സംഗക്കേസിലെ പ്രതിയായ സിപിഎം എംഎൽഎ മുകേഷിനെ സംരക്ഷിച്ച് സർക്കാർ. മുകേഷിന് പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീല്‍ നല്‍കില്ല.
മുന്‍കൂര്‍ ജാമ്യത്തിനെതിരെ അപ്പീല്‍ നല്കാന് അനുമതി തേടി പ്രത്യേക അന്വേഷണ സംഘം നല്കിയ കത്ത് മടക്കാന്‍ ആഭ്യന്തര വകുപ്പ് പ്രോസിക്യൂഷന് നിര്‍ദേശം നല്‍കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
പരാതി നല്‍കുന്നതിലെ കാലദൈര്‍ഘ്യം ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുകേഷിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഇതിനെതിരെ പ്രത്യേക അന്വേഷണ സംഘം നിയമജ്ഞരുമായി കൂടിയാലോചന നടത്തിയാണ് അപ്പീല്‍ നല്കാന് തീരുമാനിച്ചിരുന്നത്. എന്നാൽ ഇതിന് ആഭ്യന്തരവകുപ്പ് തടയിടുകയായിരുന്നു.
കൊച്ചി സ്വദേശിയായ നടിയുടെ പരാതിയിലാണ് മുകേഷിനെതിരെ മരട് പോലീസ് കേസെടുത്തത്. ഐപിസി. 354, 509, 452 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.