മുട്ടില്‍ മരം മുറി: കര്‍ഷകര്‍ക്ക് പിഴ ചുമത്തിയ നടപടി പുനഃപരിശോധിക്കുമെന്ന് റവന്യൂ മന്ത്രി
Saturday, September 30, 2023 1:31 PM IST
തൃശൂര്‍: മുട്ടില്‍ മരം മുറി കേസില്‍ ആദിവാസികളായ ഭൂവുടമകള്‍ക്ക് പിഴ ചുമത്തിയ നടപടി പുനഃപരിശോധിക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജന്. കര്‍ഷകരുടെ പരാതികളില്‍ കലക്ടര്‍ പരിശോധിച്ചു തീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞു.
കര്‍ഷകരെ ദ്രോഹിക്കാനുള്ള നിലപാട് സര്‍ക്കാരിനില്ല. കര്‍ഷകരെയും ആദിവാസികളെയും സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. മുട്ടില്‍ മരംമുറി കേസിലെ മുഖ്യപ്രതിയായ ജോജി അഗസ്റ്റിനൊപ്പം, വഞ്ചിതരായ കര്‍ഷകര്‍ക്കും റവന്യുവകുപ്പ് പിഴ ചുമത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി സിപിഎം രംഗത്തുവന്നതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
കേസില്‍ കര്‍ഷകര്‍ക്കെതിരേ പിഴ ചുമത്തിയ റവന്യുവകുപ്പിന്റെ നടപടി പിന്‍വലിക്കണമെന്ന് സിപിഎം വയനാട് ജില്ല സെക്രട്ടറി പി.ഗഗാറിന് ആവശ്യപ്പെട്ടിരുന്നു. കര്‍ഷകര്‍ക്ക് പിഴ നോട്ടീസ് നല്‍കിയത് വഞ്ചനയാണെന്നും യഥാര്‍ഥ പ്രതികളെ രക്ഷിക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമമെന്നും ഗഗാറിന് ആരോപിച്ചിരുന്നു.
കര്‍ഷകരെ വഞ്ചിച്ച് അവരുടെ ഭൂമിയില്‍ നിന്ന് മരങ്ങള്‍ മുറിച്ചുകടത്തിയ ജോജി അഗസ്റ്റിനും സഹോദരങ്ങള്‍ക്കുമെതിരേ കേസ് നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് കര്‍ഷകര്‍ക്കെതിരേ പിഴ ചുമത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.
മരംമുറി കേസിലെ 35 പ്രതികള്‍ ചേര്‍ന്ന് എട്ട് കോടിയോളം രൂപ പിഴ ഒടുക്കണമെന്ന് കാട്ടി കഴിഞ്ഞ ദിവസമാണ് റവന്യുവകുപ്പ് നോട്ടീസ് നല്‍കിയത്. ഈ നടപടിയാണ് പുനഃപരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചത്.