സമാധാന നോബൽ പട്ടികയിൽ ആൾട്ട് ന്യൂസ് സ്ഥാപകരും
Wednesday, October 5, 2022 11:10 PM IST
ന്യൂഡൽഹി: സമാധാനത്തിനുള്ള നോബൽ സമ്മാന സാധ്യത പട്ടികയിൽ ഫാക്ട് ചെക്കിംഗ് വെബ്സൈറ്റായ ആൾട്ട് ന്യൂസിന്റെ സ്ഥാപകരും. മാധ്യമ പ്രവർത്ത കരായ മുഹമ്മദ് സുബൈറും പ്രതീക് സിൻഹയുമാണ് സാധ്യത പട്ടികയിൽ ഇടംനേടിയത്. ഇന്ത്യയിൽനിന്ന് സാമൂഹിക പ്രവർത്തകൻ ഹർഷ മന്ദറും സാധ്യത പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ടൈംസ് മാഗസിൻ പുറത്തു വിട്ട പട്ടികയിലാണ് ഇവരുടെ പേരുകളുള്ളത്.
2018-ലെ വിവാദ ട്വീറ്റിനെ തുടർന്ന് കഴിഞ്ഞ ജൂണിൽ മുഹമ്മദ് സുബൈറിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിദ്വേഷം പടർത്തുന്ന രീതിയിലുള്ള പ്രചാരണം നടത്തിയെന്നായിരുന്നു മുഹമ്മദ് സുബൈറിനെതിരായ കേസ്. എന്നാൽ മുഹമ്മദ് സുബൈറിന്റെ അറസ്റ്റിനെതിരെ ആഗോളതലത്തിൽ വലിയ പ്രതി ഷേധം ഉയർന്നു. ജാമ്യം ലഭിച്ചതിനെ തുടർന്ന് ഒക്ടോബറിലാണ് മുഹമ്മദ് സുബൈർ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.
251 വ്യക്തികൾ, 92 സംഘടനകൾ എന്നിവയാണ് സമാധാന നൊബേലിനുള്ള സാധ്യതാപട്ടികയിലിടം നേടിയിരിക്കുന്നത്. അതേസമയം, ഇതുസംബന്ധിച്ച ഔ ദ്യോഗിക പട്ടിക നൊബേൽ കമ്മിറ്റി പുറത്തുവിട്ടിട്ടില്ല.
എന്നിരുന്നാലും ഗ്രെറ്റ തൻബർഗ്, ഫ്രാൻസിസ് മാർപ്പാപ്പ, മ്യാൻമർ സർക്കാർ, യുക്രയ്ൻ പ്രസിഡന്റ് വ്ള്ഡിമിർ സെലൻസ്കി, ഐക്യരാഷ്ട്രസഭയുടെ റെഫ്യൂജി ഏജൻസി, ലോകാരോഗ്യ സംഘടന, റഷ്യൻ പ്രസിഡന്റിന്റെ സ്ഥിരം വിമർശകനായ അലക്സി നവാ ൽനി തുടങ്ങിയവർ പട്ടികയിലുണ്ടെന്നാണ് സൂചന.