മോദിയുടെ മറുപടിയിൽ തൃപ്തനല്ല; അന്വേഷണം പ്രഖ്യാപിക്കണമെന്ന് രാഹുൽ
Wednesday, February 8, 2023 6:38 PM IST
ന്യൂഡൽഹി: അദാനി വിഷയത്തിൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന ആവശ്യം വീണ്ടുമുയർത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാർലമെന്റിൽ പ്രധാനമന്ത്രി മോദി നടത്തിയ മറുപടി പ്രസംഗത്തിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിയുടെ വിശദീകരണത്തിൽ താൻ തൃപ്തനല്ലെന്ന് രാഹുൽ പറഞ്ഞു. പ്രധാനമന്ത്രി ഞെട്ടിയിരിക്കുകയാണ്. താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിൽ പ്രധാനമന്ത്രി പരാജയപ്പെട്ടു. അദ്ദേഹത്തോട് വളരെ ലളിതമായ ചോദ്യങ്ങളാണ് ചോദിച്ചത്. അതിന് ഉത്തരം നൽകിയിട്ടില്ല. ഇത് മോദിയും അദാനിയും തമ്മിലുള്ള ബന്ധം സംബന്ധിച്ച സത്യം വെളിപ്പെടുത്തുന്നു. പ്രതിരോധ മേഖലയിലെ ഷെൽ കമ്പനികളുടെ ആരോപണങ്ങളെക്കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ല.
അദാനി തന്റെ സുഹൃത്തല്ലെങ്കിൽ, ഈ വിഷയത്തിൽ അദ്ദേഹം അന്വേഷണത്തിന് തയാറാകേണ്ടതായിരുന്നു. അദാനിയെ സംരക്ഷിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് വ്യക്തമാണ്. ഇത് ദേശീയ സുരക്ഷയുടെ പ്രശ്നമാണ്. ഇക്കാര്യം പരിശോധിക്കുമെന്ന് പ്രധാനമന്ത്രി പറയണമായിരുന്നു. പക്ഷേ അദ്ദേഹത്തിൽനിന്നും അതുണ്ടായില്ല- രാഹുൽ കുറ്റപ്പെടുത്തി. എന്തിനാണ് തന്റെ വാക്കുകൾ സഭാ രേഖകളിൽനിന്നും നീക്കം ചെയ്തതെന്നും രാഹുൽ ചോദിച്ചു. ഹിൻഡൻബെർഗ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ അദാനിയുടെ പേര് പറഞ്ഞ് തനിക്കെതിരെ ആരോപണമുയർത്തിയ പ്രതിപക്ഷത്തെ, ഭരണനേട്ടങ്ങൾ ചൂണ്ടി ക്കാട്ടി നിശബ്ദമാക്കാനാണ് മോദി പാർലമെന്റിൽ ശ്രമിച്ചത്. മോദി, മോദി വിളികൾക്കിടയിൽ പ്രതിപക്ഷത്ത് നിന്ന് സമാന താളത്തിൽ ഉയർന്ന അദാനി വിളികളെ പ്രധാനമന്ത്രി നേരിട്ടത് രാഷ്ട്രപതിയുടെ പ്രസംഗത്തിലെ വരികൾ ചൂണ്ടിക്കാട്ടിയായിരുന്നു.
നയപരമായ തളർച്ചയിൽ നിന്ന് രാജ്യം ഉയർന്നെന്ന രാഷ്ട്രപതിയുടെ വാക്കുകൾ ഏവരും അംഗീകരിച്ചതിൽ സന്തോഷമുണ്ട്. എങ്കിലും ജി -20 സമ്മേളനത്തിന് ഇന്ത്യ വേദിയാകുന്നത് ചിലർക്ക് ഇഷ്ടമായില്ലെന്നും അദ്ദേഹം പറഞ്ഞു.