അമൃത്പാൽ സിംഗിന്റെ അനുയായിയുടെ തോക്ക് ലൈസൻസ് റദ്ദാക്കി
Friday, March 31, 2023 3:45 AM IST
അമൃത്സർ: ഖാലിസ്ഥാൻ വിഘടനവാദി നേതാവും വാരിസ് പഞ്ചാബ് ദേയുടെ തലവനുമായ അമൃത്പാൽ സിംഗിന്റെ അനുയായിയുടെ തോക്ക് ലൈസൻസ് റദ്ദാക്കി. വീരേന്ദ്രസിംഗ് എന്നയാൾ വ്യാജ രേഖകൾ ഉപയോഗിച്ചാണ് തോക്ക് ലൈസൻസ് പുതുക്കിയതെന്ന കണ്ടെത്തലിനെ തുടർന്നാണ് പോലീസിന്റെ നടപടി.
2014ലാണ് വീരേന്ദ്രസിംഗിന് തോക്ക് ലൈസൻസ് അനുവദിച്ചത്. ലൈസൻസ് പുതുക്കാൻ ഇയാൾ വ്യാജരേഖകൾ ഉപയോഗിച്ചിരുന്നു. തോക്ക് ലൈസൻസ് ദുരുപയോഗം ചെയ്തതായി കണ്ടെത്തി. പഞ്ചാബ് പോലീസ് കിഷ്ത്വാർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയതിനെ തുടർന്ന് ഇയാളുടെ ലൈസൻസ് റദ്ദാക്കിയെന്ന് കിഷ്ത്വാർ എസ്എസ്പി ഖലീൽ പോസ്വാൾ പറഞ്ഞു.
അതേസമയം, പഞ്ചാബ് പോലീസ് കസ്റ്റഡിയിലെടുത്ത അമൃത്പാൽ സിംഗിന്റെ അനുയായികളായ 348 പേരെ വിട്ടയച്ചു. 360 പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. സിഖ് സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് നടപടി.