തട്ടിപ്പ് നടന്ന ബാങ്കിന്റെ പ്രസിഡന്റ് തന്റെ ബെനാമിയല്ല, സ്ഥാപനം ഉദ്ഘാടനം ചെയ്തെന്ന ബന്ധം മാത്രം: വി.എസ്.ശിവകുമാര്‍
Sunday, October 1, 2023 2:44 PM IST
തിരുവനന്തപുരം: 13 കോടിയുടെ തട്ടിപ്പ് നടന്നെന്ന് ആരോപണമുയര്‍ന്ന ബാങ്കുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് മുന്‍ മന്ത്രി വി.എസ്.ശിവകുമാര്‍. ബാങ്ക് പ്രസിഡന്റ് രാജേന്ദ്രന് തന്റെ ബെനാമിയല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
2002ല്‍ സ്ഥാപനം ഉദ്ഘാടനം ചെയ്തത് താനാണ്. ആ ഒരു ബന്ധം മാത്രമാണ് ബാങ്കുമായി ഉള്ളത്. മാനവും മര്യാദയ്ക്കും കഴിയുന്ന തന്റെ വീട്ടില്‍ വന്ന് ഒരുകൂട്ടം ആളുകള്‍ ബഹളം വയ്ക്കുകയായിരുന്നു.
പൊലീസിനെ വിളിച്ചു വരുത്തിയത് താനാണ്. നിക്ഷേപകരെ വീട്ടില്‍ എത്തിച്ചതിന് പിന്നില്‍ ചില തത്പര കക്ഷികളുണ്ടെന്നും ശിവകുമാര്‍ ആരോപിച്ചു.
സഹകരണ സൊസൈറ്റിയില്‍ നിക്ഷേപിച്ച പണം നഷ്ടമായെന്ന് ആരോപിച്ച് ശിവകുമാറിന്റെ വീടിന് മുന്നില്‍ ഒരു കൂട്ടം ആളുകള്‍ പ്രതിഷേധിച്ചിരുന്നു. തിരുവനന്തപുരം അണ് എംപ്ലോയീസ് വെല്‍ഫയര്‍ കോപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
സൊസൈറ്റി പ്രസിഡന്റ് പണം മുഴുവന്‍ പിന്‍വലിച്ചെന്നാണ് ആക്ഷേപം. ഇതോടെ 300 നിക്ഷേപകരുടെ 13 കോടി രൂപ നഷ്ടമായെന്നാണ് പരാതി.
ശിവകുമാറിന്റെ ഉത്തരവാദിത്വത്തിലാണ് സൊസൈറ്റിയില്‍ പണം നിക്ഷേപിച്ചത്. ശിവകുമാറിന്റെ ബെനാമിയാണ് ബാങ്ക് പ്രസിഡന്റെന്നും നിക്ഷേപകര്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.