അടുത്ത അധ്യയന വർഷം മുതൽ എല്ലാ കോളജുകളിലും നാലു വർഷ ബിരുദ കോഴ്സുകൾ: മന്ത്രി ബിന്ദു
Tuesday, June 6, 2023 6:16 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അധ്യയന വർഷം മുതൽ എല്ലാ കോളജുകളിലും നാലു വർഷ ബിരുദ കോഴ്സുകൾ ആരംഭിക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു. സർവകലാശാലകൾക്കു കഴിയുന്ന ഇടങ്ങളിൽ ഈ വർഷം പരീക്ഷണാടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട കോളജുകളിൽ നാലു വർഷ ബിരുദ കോഴ്സുകൾ ആരംഭിക്കുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നാലു വർഷ ബിരുദ കോഴ്സുകൾ സംബന്ധിച്ചു കേരള ഹയർ എഡ്യൂക്കേഷൻ കരിക്കുലം ഫ്രെയിം വർക്ക് തയാറാക്കി സർവകലാശാലകൾക്കു നൽകിയിട്ടുണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടി. നൈപുണ്യ വികസനത്തിനു വലിയ പ്രാധാന്യമാണു പുതിയ കരിക്കുലം നൽകുന്നത്.
ബിരുദ തലത്തിൽ മൂന്നു വർഷം പൂർത്തീകരിക്കുന്നവർക്ക് എക്സിറ്റ് പോയിന്റ് കൊടുക്കുകയും കൂടുതൽ പഠിക്കാനും ഗവേഷണത്തിനും താത്പര്യമുള്ളവർക്ക് അതിന് അവസരമൊരുക്കുകയും ചെയ്യുന്ന വിധത്തിലുമാണു നാലു വർഷ ഡിഗ്രി കോഴ്സുകൾ വിഭാവനം ചെയ്തിട്ടുള്ളത്. ഗവേഷണാത്മക പ്രവർത്തനങ്ങൾ, ഇന്റേൺഷിപ് എന്നിവയ്ക്കാണ് നാലാം വർഷം ഊന്നൽ നൽകുയെന്നും മന്ത്രി പറഞ്ഞു.