സംസ്ഥാനത്ത് ചെങ്കണ്ണ് വർധിക്കുന്നു, ശ്രദ്ധ വേണമെന്ന് ആരോഗ്യമന്ത്രി
സംസ്ഥാനത്ത് ചെങ്കണ്ണ് വർധിക്കുന്നു, ശ്രദ്ധ വേണമെന്ന് ആരോഗ്യമന്ത്രി
Saturday, December 3, 2022 3:54 PM IST
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ചില ഭാഗങ്ങളില്‍ ചെങ്കണ്ണ് റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ശ്രദ്ധ വേണമെന്ന് മന്ത്രി വീണാ ജോര്‍ജ്. ചെങ്കണ്ണ് ഒരു പകര്‍ച്ചവ്യാധിയാണെങ്കിലും അല്‍പം ശ്രദ്ധിച്ചാല്‍ പകരുന്നത് തടയാന്‍ സാധിക്കും. ചെങ്കണ്ണ് ശ്രദ്ധിക്കാതെയിരുന്നാല്‍ സങ്കീര്‍ണമാകാനും സാധ്യതയുണ്ട്. മറ്റു ചില നേത്ര രോഗങ്ങള്‍ക്കും ഇതേ രോഗ ലക്ഷണങ്ങളായതിനാല്‍ ചെങ്കണ്ണ് ഉണ്ടാകുമ്പോള്‍ സ്വയം ചികിത്സ പാടില്ല.

ചെങ്കണ്ണുണ്ടായാല്‍ നേത്ര രോഗ വിദഗ്ധന്‍റെ സേവനം തേടണം. സര്‍ക്കാര്‍ ആശുപത്രികളില്‍ ചെങ്കണ്ണിനുള്ള ചികിത്സ ലഭ്യമാണ്. മാത്രമല്ല ആശാവര്‍ക്കര്‍മാരുടേയും ജെപിഎച്ച്എന്‍മാരുടേയും സേവനവും ലഭ്യമാണ്. ഇവര്‍ വീടുകളില്‍ പോയി മറ്റ് രോഗങ്ങള്‍ അന്വേഷിക്കുന്നതോടൊപ്പം ചെങ്കണ്ണിന്‍റെ വിവരങ്ങളും ശേഖരിച്ചു വരുന്നു. രോഗലക്ഷണമുള്ളവര്‍ക്ക് ഉചിതമായ ചികിത്സ ലഭ്യമാക്കുന്നതാണ്. കൂടാതെ ഈ രോഗം മറ്റുള്ളവരിലേക്ക് പടരാതിരിക്കാന്‍ സ്വീകരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അവബോധവും നല്‍കുന്നതുമാണെന്നും മന്ത്രി വ്യക്തമാക്കി.

രോഗ ലക്ഷണങ്ങൾ

കണ്ണിൽ ചുവപ്പു നിറം, കണ്ണീരൊലിപ്പ്, ചൊറിച്ചിലും അസ്വസ്ഥതയും, കൺപോളകളിൽ വീക്കം എന്നിവയാണ് സാധാരണയായി കണ്ടുവരുന്ന രോഗ ലക്ഷണങ്ങൾ.

കണ്ണിന് ചുവപ്പുനിറം ഉണ്ടാകുന്നതിനു പുറമെ കൺപോളകൾക്കു വീക്കവും തടിപ്പും, തുറക്കാൻ പറ്റാത്ത വിധം കണ്ണിൽ പീള കെട്ടുക, പ്രകാശം അടിക്കുമ്പോൾ കണ്ണിൽ അസ്വസ്ഥത, കണ്ണിൽ കരടു പോയത് പോലെ തോന്നുക എന്നീ ലക്ഷണങ്ങളും സാധാരണമാണ്.

പ്രതിരോധം

ഏറ്റവും ഫലപ്രദമായ പ്രതിരോധം നല്ല വ്യക്തി ശുചിത്വമാണ്, പ്രത്യേകിച്ച് രോഗബാധയുള്ള കൈകളാൽ കണ്ണുകൾ തടവുന്നത് ഒഴിവാക്കുക, രോഗി ഉപയോഗിച്ച വസ്തുക്കൾ ഉപയോഗിക്കാതിരിക്കുക എന്നിവ. അഡെനോവൈറസ്, ഹീമോഫിലസ് ഇൻഫ്ലുവൻസ, ന്യുമോകോക്കസ്, നിസ്സേറിയ മെനിഞ്ചൈറ്റിഡിസ് എന്നിവയ്ക്കെതിരായ പ്രതിരോധ കുത്തിവയ്പ്പും ഫലപ്രദമാണ്.

നവജാതശിശുക്കളിലെ കൺജക്റ്റിവൈറ്റിസ് തടയുന്നതിനായി പോവിഡോൺ-അയഡിൻ കണ്ണ് തുള്ളിമരുന്നുകൾ ഉപയോഗിക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്. കുറഞ്ഞ ചിലവ് കാരണം ഇത് ആഗോളതലത്തിൽ കൂടുതലായി ഉപയോഗിക്കപ്പെടുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<