നരബലിക്കിരയായ റോസ്ലിന്റെ മകളുടെ ഭര്‍ത്താവ് തൂങ്ങി മരിച്ചു
Friday, December 9, 2022 4:55 PM IST
പത്തനംതിട്ട: ഇലന്തൂരില്‍ നരബലിക്കിരയായ റോസ്ലിന്റെ മകളുടെ ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കട്ടപ്പന വട്ടോളി വീട്ടില്‍ ബിജുവാണ് (44) മരിച്ചത്. തൃശൂർ എങ്കക്കാടുള്ള വാടകവീട്ടിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയും റോസ്ലിന്റെ മകളുമായ മഞ്ജു വര്‍ഗീസ് എറണാകുളത്തെ വീട്ടിലേക്ക് മകനുമായി പോയിരുന്നതിനാല്‍ ബിജു വീട്ടില്‍ തനിച്ചായിരുന്നു.
മരണകാരണം വ്യക്തമല്ല. റോസ്ലിന്റെ മൃതദേഹം ഇലന്തൂരിലെ നരബലി നടന്ന വീട്ടിൽനിന്ന് കണ്ടെടുക്കുകയായിരുന്നു. കുറച്ചുദിവസങ്ങൾക്ക് മുമ്പാണ് റോസ്ലിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽനിന്ന് മക്കൾക്ക് വിട്ടുനൽകിയത്.