"ഒരു പരിധി വയ്ക്കാൻ പ്രയാസമാണ്': ഇന്ത്യ- യുഎസ് ബന്ധത്തെക്കുറിച്ച് എസ്. ജയശങ്കർ
Sunday, October 1, 2023 10:39 AM IST
വാഷിംഗ്ടൺ ഡിസി: ഇന്ത്യ- യുഎസ് ബന്ധത്തിന് ഒരു പരിധി വയ്ക്കുന്നത് ബുദ്ധിമുട്ടാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഇരുരാജ്യങ്ങളും ഇപ്പോൾ പരസ്പരം കാണുന്നത് അനുയോജ്യവും സൗകര്യപ്രദവുമായ പങ്കാളികളായാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. വാഷിംഗ്ടൺ ഡിസിയിലെ ഒരു ചടങ്ങിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു എസ്. ജയശങ്കർ.
'എന്നോട് പലപ്പോഴും ചോദിക്കാറുണ്ട്, ഈ ബന്ധം (ഇന്ത്യ-യുഎസ്) എവിടേക്കാണ് പോകുന്നതെന്ന്. ഇപ്പോൾ അതിന് ഒരു പരിധിവയ്ക്കാനോ അതിനെ നിർവചിക്കാനോ പ്രതീക്ഷകൾ പ്രകടിപ്പിക്കാൻ പോലുമോ പ്രയാസമാണ്, കാരണം എല്ലാ വിധത്തിലും ഈ ബന്ധം പ്രതീക്ഷകൾക്കപ്പുറമാണ്. അതുകൊണ്ടാണ് ഇന്ന് നമ്മൾ അതിനെ നിർവചിക്കാൻ പോലും ശ്രമിക്കാത്തത്. യഥാർഥത്തിൽ ആ ബന്ധത്തിന്‍റെ തോത് ഉയർത്തിക്കൊണ്ടിരിക്കുകയാണ്.'- ജയശങ്കർ പറഞ്ഞു.
യുഎസിലെത്തിയ ജയശങ്കർ സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ, മുതിർന്ന അംഗങ്ങൾ, വ്യവസായികൾ, തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയും അമേരിക്കയും ഒരുമിച്ച് പ്രവർത്തിക്കുകയെന്നത് വളരെ അത്യാവശ്യമാണെന്നും അമേരിക്കയെക്കുറിച്ച് നന്നായി ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന പങ്കാളികൾ രാജ്യത്തിന്‍റെ താത്പര്യമാണെന്നും അദ്ദേഹം പറഞ്ഞു.