ഔട്ട് ഓഫ് സിലബസ്; പേര് നീക്കണമെന്ന ഉപദേശകരുടെ ആവശ്യം തള്ളി എൻസിഇആർടി
Saturday, June 10, 2023 9:13 PM IST
ന്യൂഡൽഹി: പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകങ്ങളിൽ നിന്ന് തങ്ങളുടെ പേരുകൾ നീക്കം ചെയ്യണമെന്ന മുഖ്യ ഉപദേഷ്ടാക്കളുടെ ആവശ്യം തള്ളി എൻസിഇആർടി. കൗണ്‍സിലിന്റെ മുഖ്യ ഉപദേശകരായിരുന്ന സുഹാസ് പൽഷികറിന്റെയും യോഗേന്ദ്ര യാദവിന്റെയും ആവശ്യമാണ് എൻസിഇആർടി തള്ളിയത്.
പാഠപുസ്തകങ്ങൾ കൂട്ടായ പ്രയത്നത്തിന്റെ ഫലമായതിനാൽ കൗണ്‍സിലിലെ ഏതെങ്കിലും ഒരു അംഗത്തിന്റെ ആവശ്യപ്രകാരം പേര് നീക്കം ചെയ്യാൻ ആകില്ലെന്നും എൻസിഇആർടി പ്രസ്താവനയിൽ അറിയിച്ചു. പകർപ്പവകാശ ഉടമസ്ഥാവകാശത്തെ അടിസ്ഥാനമാക്കി മാറ്റങ്ങൾ വരുത്താനുള്ള അവകാശം കൗണ്‍സിലിന് മാത്രമാണെന്നും എൻസിഇആർടി വ്യക്തമാക്കി.
200607ൽ പ്രസിദ്ധീകരിച്ച 9 മുതൽ 12 വരെ ക്ലാസുകളിലെ പൊളിറ്റിക്കൽ സയൻസ് പുസ്തകങ്ങളുടെ മുഖ്യ ഉപദേഷ്ടാക്കളായി സേവനമനുഷ്ഠിച്ച സുഹാസ് പാൽഷിക്കറും യോഗേന്ദ്ര യാദവും കഴിഞ്ഞ ദിവസമാണ് തങ്ങളുടെ ആശങ്കകൾ പ്രകടിപ്പിച്ച് എൻസിഇആർടി ഡയറക്ടർക്ക് കത്തയച്ചത്.