തായ്ലൻഡ് കൂട്ടക്കുരുതി: അക്രമി സ്വയം നിറയൊഴിച്ച് മരിച്ചു, മരണ സംഖ്യ 31 ആയി
Thursday, October 6, 2022 2:57 PM IST
ബാങ്കോക്ക്: തായ്ലൻഡിൽ ഡേ കെയർ സെന്ററിൽ കൂട്ടക്കുരുതി നടത്തിയ അക്രമി സ്വയം നിറയൊഴിച്ച് മരിച്ചു. പന്യ കാംറബ് (34) ആണ് കൂട്ടക്കുരുതി നടത്തിയ ശേഷം ജീവനൊടുക്കിയത്. വെടിവയ്പിൽ ഇയാളുടെ ഭാര്യയും മക്കളും കൊല്ലപ്പെട്ടു. ഇവരെ ലക്ഷ്യംവച്ചാണ് കൂട്ടക്കുരുതി നടത്തിയതെന്നാണ് കരുതുന്നത്.
സംഭവത്തിനു ശേഷം ഇയാൾ വെള്ള പിക്കപ്പ് ട്രക്കിൽ രക്ഷപ്പെട്ടിരുന്നു. വെടിവയ്പിൽ മരിച്ചവരുടെ എണ്ണം 31 ആയി ഉയർന്നിട്ടുണ്ട്. മയക്കുമരുന്ന് കേസിൽ പിടിക്കപ്പെട്ട പന്യയെ കഴിഞ്ഞ വർഷം പോലീസ് സേനയിൽനിന്നും പുറത്താക്കിയിരുന്നു.
രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയായ നോംഗ് ലാംഫു പ്രവിശ്യയിലെ നോംഗ് ബുവ ശിശുവികസന കേന്ദ്രത്തിലാണ് വെടിവയ്പ് നടന്നത്. ഉച്ചഭക്ഷണത്തിനു ശേഷമായിരുന്നു സംഭവം. ഈ സമയം കെട്ടിടത്തിൽ മുപ്പതോളം കുട്ടികളുണ്ടായിരുന്നു.
ഗർഭിണി ഉൾപ്പെടെയുള്ള ജീവനക്കാർക്കു നേരെയാണ് അക്രമി ആദ്യം നിറയൊഴിച്ചത്. എട്ട് മാസം ഗർഭിണിയായ അധ്യാപികയുൾപ്പെടെയുള്ള ജീവനക്കാർക്കു നേരെ ഇയാൾ വെടിവച്ചു. പിന്നീടാണ് കുട്ടികളെ ലക്ഷ്യംവച്ചത്.