കോച്ചുകള് വെട്ടിപ്പൊളിച്ച് ആളുകളെ പുറത്തെടുക്കണം; രക്ഷാപ്രവര്ത്തനം വെല്ലുവിളിയെന്ന് എന്ഡിആര്എഫ്
Saturday, June 3, 2023 11:58 AM IST
ഭുവനേശ്വര്: ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിന് ദുരന്തത്തില് രക്ഷാപ്രവര്ത്തനം ദുഷ്കരമെന്ന് എന്ഡിആര്എഫ് ഡിജി അതുല് കര്വാള്. ഇടിയുടെ ആഘാതത്തില് കോച്ചുകള് പലതും തകര്ന്ന നിലയിലാണ്.
കോച്ചുകള് വെട്ടിപ്പൊളിച്ച് ആളുകളെ പുറത്തെത്തിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. അടുത്തയിടെയൊന്നും ഇത്രയും വെല്ലുവിളി നിറഞ്ഞ ദൗത്യം ഏറ്റെടുക്കേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വൈകുന്നേരത്തോടെ തകര്ന്ന കോച്ചുകള്ക്കുള്ളില് കുടുങ്ങിക്കിടക്കുന്ന എല്ലാവരെയും പുറത്തെത്തിക്കാന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
മുന്നൂറോളം എന്ഡിആര്എഫ് അംഗങ്ങള് അടങ്ങുന്ന സംഘം ബാലസോറില് രക്ഷാപ്രവര്ത്തനം തുടരുകയാണ്. സൈന്യത്തില്നിന്നുള്ള എന്ജിനീയറിംഗ് വിഭാഗം അടക്കമുള്ള സംഘവും ഇവിടെയെത്തിയിട്ടുണ്ട്.