വനിതാ കോൺസ്റ്റബിളിനെ ആക്രമിച്ച പ്രതി പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
Friday, September 22, 2023 10:59 AM IST
ലക്നോ: ഉത്തര്‍പ്രദേശില്‍ വനിതാ കോണ്‍സ്റ്റബിളിനെ ട്രെയിനില്‍ വച്ച് ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. വെടിവയ്പ്പില്‍ ഇയാളുടെ രണ്ട് അനുയായികള്‍ക്ക് പരിക്കേറ്റതായും പോലീസ് അറിയിച്ചു.
അനീല്‍ ഖാൻ എന്നയാളാണ് കൊല്ലപ്പെട്ടത്. അയോധ്യയിലെ പുര കലന്ദറിറിലാണ് പ്രതികളും പോലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ആസാദ്, വിശംഭർ ദയാൽ ദുബെ എന്നിവർക്കാണ് വെടിവയ്പ്പിൽ പരിക്കേറ്റത്.
ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ അനീസ് ഖാൻ ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരിച്ചത്. കലന്ദർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ രത്തൻ ശർമയ്ക്കും ഏറ്റുമുട്ടലിൽ പരിക്കേറ്റു.
ഓഗസ്റ്റ് 30ന് സരയൂ എക്സ്പ്രസിൽ യാത്ര ചെയ്തിരുന്ന വനിതാ കോൺസ്റ്റബിളിനെയാണ് കമ്പാർട്ട്മെന്റിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്.
പ്രയാഗ്രാജ് സ്വദേശിയായ 47കാരിയായ വനിതാ ഹെഡ് കോൺസ്റ്റബിള്‍ സുല്‍ത്താന്‍പൂരിലാണ് ജോലി ചെയ്തിരുന്നത്. സാവൻ മേള ഡ്യൂട്ടിക്കായി സുൽത്താൻപൂരിൽ നിന്ന് അയോധ്യയിലേക്ക് വരികയായിരുന്നു ഇവർ.
അയോധ്യയിൽ ഇറങ്ങേണ്ട ഇവർ ഉറങ്ങിപ്പോയതിനാൽ മനക്പൂർ റെയിൽവേ സ്റ്റേഷനിൽ എത്തി. ഇതിനിടെ ട്രെയിനില്‍ സീറ്റിനെച്ചൊല്ലി പ്രതികളും വനിതാ പോലീസും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് പ്രതികള്‍ പോലീസ് ഉദ്യോഗസ്ഥയെ ക്രൂരമായി ആക്രമിച്ച് കടന്നുകളയുകയായിരുന്നു.
പരിക്കേറ്റ കോണ്‍സ്റ്റബിള്‍ ലക്നോവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയില്‍ (കെജിഎംയു) ചികിത്സയിലാണ്.