യുദ്ധം അവസാനിപ്പിക്കാൻ പുടിനെ കാണാൻ തയാറാണെന്ന് ബൈഡൻ
Friday, December 2, 2022 6:33 PM IST
വാഷിംഗ്ടൺ: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ കാണാൻ തയാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. പുടിൻ യുദ്ധം അവസാനിപ്പിക്കാൻ വഴിതേടുകയാണെങ്കിൽ അദ്ദേഹത്തെ കാണാൻ തയാറാണെന്ന് ബൈഡൻ പറഞ്ഞു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം മാധ്യമപ്രവർത്തകരെ കണ്ടപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പുടിന്റെ ഭാഗത്തുനിന്നും ഇതുവരെ ഇത്തരമൊരു നീക്കം ഉണ്ടായിട്ടില്ലെന്നും ബൈഡൻ എടുത്തുപറഞ്ഞു. റഷ്യ നടത്തുന്ന യുദ്ധത്തിന് തങ്ങൾ എതിരാണെന്നും ഇരുവരും പറഞ്ഞു.
ചർച്ചകൾക്ക് വാതിലുകൾ തുറന്നിട്ടിരിക്കുന്നതായി റഷ്യയുടെ പ്രസ്താവനയോടുള്ള മറുപടിയായാണ് ബൈഡൻ പ്രതികരിച്ചത്. യുക്രെയ്ന് അംഗീകരിക്കാൻ കഴിയാത്ത വിട്ടുവീഴ്ചയ്ക്കു അവരെ പ്രേരിപ്പിക്കില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ പറഞ്ഞു.
യുക്രെയ്ന് പൂർണ പിന്തുണ നൽകുമെന്ന് ഫ്രഞ്ച്-അമേരിക്കൻ പ്രസിഡന്റുമാർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ വിതരണം വേഗത്തിലാക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.