കെ.ഫോണില്‍ വന്‍ അഴിമതി; ഉദ്ഘാടനം പ്രതിപക്ഷം ബഹിഷ്കരിക്കും
Monday, May 29, 2023 8:19 PM IST
കൊച്ചി: എഐ കാമറാ ഇടപാടില്‍ നടന്നതിനേക്കാള്‍ വലിയ അഴിമതിയാണ് കെ ഫോണ്‍ പദ്ധതിയില്‍ നടന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്. കാമറാ ഇടപാടില്‍ ക്രമക്കേട് നടത്തിയ അതേ കമ്പനികള്‍ തന്നെയാണ് കെ ഫോണിന് പിന്നിലും പ്രവര്‍ത്തിച്ചത്.
പദ്ധതിയുടെ എസ്റ്റിമേറ്റ് 50 ശതമാനം ഉയര്‍ത്തിയത് അഴിമതിക്ക് വേണ്ടിയാണെന്നും സതീശന് ആരോപിച്ചു. ജൂണ്‍ അഞ്ചിന് നടക്കാനിരിക്കുന്ന കെ ഫോണ്‍ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിക്കുമെന്നും സതീശന് വ്യക്തമാക്കി.
മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് ഗോഡണുകളിലെ തീപിടിത്തത്തിൽ ദുരൂഹത ഉണ്ടെന്നും സതീശന് ആവര്‍ത്തിച്ചു. മരുന്ന് സംഭരണശാലകളില്‍ ബോധപൂര്‍വം തീപിടിപ്പിച്ചതാണെന്ന് ബലമായി സംശയിക്കുന്നു.
കെഎംഎസ്സിഎലിന്റെ അഴിമതി പുറത്തുവന്നതിന് പിന്നാലെയാണ് തീപിടിത്തമുണ്ടായത്. അഴിമതി രേഖകള്‍ കത്തിച്ച് കളയാനാണ് പ്ലാനിട്ടിരുന്നതെന്നും സതീശന് ആരോപിച്ചു. പ്രതിപക്ഷം ആരോപണം ഉന്നയിച്ചാലുടന്‍ തീ പടരുന്ന സ്ഥിതിയാണ് സംസ്ഥാനത്തുള്ളതെന്നും സതീശന് വിമര്‍ശിച്ചു.
മടിയില്‍ കനമുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി അന്വേഷണത്തെ ഭയപ്പെടുന്നത്. മോദിയുടെ അതേ മൗനമാണ് പിണറായിയും തുടരുന്നതെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.