വിനേഷിന്റെ അയോഗ്യത; ഒളിന്പിക്സ് കമ്മിറ്റിയിൽ പ്രതിഷേധം അറിയിച്ചതായി കേന്ദ്ര കായികമന്ത്രി
Wednesday, August 7, 2024 7:04 PM IST
ന്യൂഡൽഹി: പാരീസ് ഒളിമ്പിക്സിൽ നിന്ന് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ നടപടിയില്‍ ഇന്ത്യന്‍ ഒളിന്പിക്സ് അസോസിയേഷന് (ഐഒഎ) അന്താരാഷ്ട്ര ഒളിന്പിക്സ് കമ്മിറ്റിയിൽ പ്രതിഷേധം അറിയിച്ചതായി കേന്ദ്ര കായികമന്ത്രി മന്‍സുഖ് മാണ്ഡവ്യ. ലോക്സഭയിലാണ് കായികമന്ത്രി ഇക്കാര്യം അറിയിച്ചത്.
100 ഗ്രാം കൂടിയതാണ് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്. ഇന്ത്യൻ ഒളിന്പിക്സ് അസോസിയേഷൻ, യുണൈറ്റഡ് വേൾഡ് റെസ്ലിംഗിനൊപ്പം ശക്തമായി പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം ലോക്സഭയില്‍ വിശദീകരിച്ചു.
വിനേഷ് ഫോഗാട്ടിന് കേന്ദ്രസർക്കാർ എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിലടക്കം പരിശീലനത്തിന് അയച്ചിരുന്നുവെന്നും കായിക മന്ത്രി പറഞ്ഞു.
വിശദീകരണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷം സഭയില്‍ ബഹളം വച്ചു. കേന്ദ്ര കായിക മന്ത്രിയുടെ പ്രതികരണം തൃപ്തികരമല്ലെന്നും വ്യക്തമാക്കി പ്രതിപക്ഷം പിന്നീട് സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.