അറസ്റ്റിലായ സിഖ് യുവാക്കൾക്ക് നിയമസഹായം നൽകുമെന്ന് സുഖ്ബീർ സിംഗ് ബാദൽ
Wednesday, March 22, 2023 4:54 AM IST
അമൃത്സർ: പഞ്ചാബിലും അയൽ സംസ്ഥാനങ്ങളിലുമായി അറസ്റ്റിലായ സിഖ് യുവാക്കൾക്ക് നിയമസഹായം നൽകുമെന്ന് ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ സിംഗ് ബാദൽ. ആം ആദ്മി പാർട്ടി ഗവൺമെന്റ് ജനങ്ങളുടെ അവകാശം ചവിട്ടിമെതിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗിനെ പിടികൂടുന്നതിന്റെ ഭാഗമായി നിരവധിയാളുകളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് സൂചിപ്പിച്ചാണ് സുഖ്ബീർ സിംഗ് ബാദൽ നിലപാട് വ്യക്തമാക്കിയത്. എന്നാൽ അമൃത്പാല്‍ സിംഗിന്റെ പേര് അദ്ദേഹം പരസ്യമായി പരാമർശിച്ചില്ല.
കേവലം സംശയത്തിന്റെ പേരിൽ യുവാക്കളെ അറസ്റ്റ് ചെയ്യുന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും നിലവിലുള്ള അടിച്ചമർത്തൽ ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ശിരോമണി അകാലിദൾ ലീഗൽ സെൽ പ്രസിഡന്റ് അർഷ്ദീപ് സിംഗ് ക്ലെറിന്റെ കീഴിൽ സംസ്ഥാനതല കമ്മിറ്റി രൂപീകരിച്ചുവെന്നും അത് ജില്ലകളിലെ പാർട്ടി നേതാക്കളുമായി ഏകോപിപ്പിച്ച് നിയമസഹായം നൽകുകയും ചെയ്യുമെന്നും സുംഖ്ബീർ സിംഗ് വ്യക്തമാക്കി.
അറസ്റ്റിലായവർക്കെതിരെ ചുമത്തിയ ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) ഉടൻ പിൻവലിക്കണമെന്ന് എസ്എഡി നേതാവ് വിർസ സിംഗ് വാൽതോഹ എഎപി സർക്കാരിനോട് ആവശ്യപ്പെട്ടു.
പഞ്ചാബ് പോലീസ് ചില സിഖ് യുവാക്കൾക്കെതിരെ എൻഎസ്എ പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്യുകയും അവരെ അസമിലെ ദിബ്രുഗഢ് ജയിലിലേക്ക് അയക്കുകയും ചെയ്തത് ഞെട്ടിപ്പിക്കുന്നതാണെന്ന് അമൃത്സറിൽ ഒരു പത്രസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് വൽതോഹ പറഞ്ഞു.