മൈനാഗപ്പള്ളിയിൽ കാർ അപകടത്തിൽ വീട്ടമ്മ കൊല്ലപ്പെട്ട സംഭവം; ഡ്രൈവർ പിടിയിൽ
Monday, September 16, 2024 7:08 AM IST
കൊല്ലം: മൈനാഗപ്പള്ളി ആനൂർക്കാവിൽ കാർ അപകടത്തിൽ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിൽ കാർ ഡ്രൈവർ അറസ്റ്റിൽ. കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശി അജ്മൽ ആണ് പിടിയിലായത്.
മൈനാഗപ്പള്ളി ആനൂർക്കാവിൽ ഞായറാഴ്ച വൈകിട്ട് 5.45നായിരുന്നു സംഭവം. അപകടത്തിൽ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ (45) ആണ് മരിച്ചത്. ശാസ്താംകോട്ട പതാരത്ത് നിന്നാണ് ഇയാൾ പിടിയിലായത്.
കാർ ഇടിച്ചയുടനെ വാഹനം നിർത്താൻ നാട്ടുകാർ ഡ്രൈവറായ അജ്മലിനോട് പറഞ്ഞെങ്കിലും ഇയാൾ അമിതവേഗത്തിൽ കാർ കുഞ്ഞുമോളുടെ ദേഹത്തുകൂടി കയറ്റിയിറക്കി രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോൾ മരിച്ചു.
കുഞ്ഞുമോളെ ഇടിച്ച ശേഷം മറ്റൊരു സ്ഥലത്തും ഈ വാഹനം അപകടത്തിൽപ്പട്ടു. അവിടെനിന്ന് അജ്മൽ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്നാണ് കാറിലുണ്ടായിരുന്ന വനിതാ ഡോക്ടറെ പോലീസ് കസ്റ്റഡിയിലെടുത്തത്.
അപകടത്തിൽ സ്കൂട്ടർ ഓടിച്ച ഫൗസിയക്കും പരിക്കേറ്റിരുന്നു. ഇവർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.