ആലപ്പുഴയിൽ കോൺഗ്രസ് വനിതാ നേതാവ് വാഹനാപകടത്തിൽ മരിച്ചു
Saturday, December 10, 2022 2:27 PM IST
ഹരിപ്പാട്: വാഹനാപകടത്തിൽ കോൺഗ്രസ് വനിതാ നേതാവ് മരിച്ചു. ആലപ്പുഴ ഡിസിസി സെക്രട്ടറിയും ജില്ല പഞ്ചായത്ത് മുൻ അംഗവുമായ ചിങ്ങോലി ആരഭിയിൽ ശ്രീദേവി രാജൻ( 58) ആണ് മരിച്ചത്.
ദേശീയപാതയിൽ കാഞ്ഞൂർ ക്ഷേത്രത്തിനു സമീപം രാവിലെ 8.30 ഓടെയായിരുന്നു അപകടം. ക്ഷേത്രദർശനം കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങുമ്പോൾ തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച കാർ ശ്രീദേവിയുടെ സ്കൂട്ടറിന് പുറകിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പഴയ ഹൈവേയിലേക്ക് തെറിച്ചു വീണു. ശ്രീദേവി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. കരിയിലകുളങ്ങര പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.