കുട്ടിയെ തട്ടിക്കൊണ്ടുപോകൽ; സ്ത്രീയുടെ രേഖാചിത്രത്തിന്റെ "എഐ പതിപ്പ്' ഇന്റർനെറ്റിൽ
വെബ് ഡെസ്ക്
Thursday, November 30, 2023 5:52 AM IST
കൊല്ലം: ഓയൂരിൽ നിന്നും ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയെന്ന് സംശയിക്കുന്ന സംഘത്തിലെ സ്ത്രീയുടെ രേഖാ ചിത്രം പുറത്തുവിട്ട് മണിക്കൂറുകൾക്കകം ഇതുപയോഗിച്ചുള്ള എഐ അധിഷ്ഠിത ചിത്രവും സമൂഹ മാധ്യമത്തിൽ.
സീരിയൽ താരങ്ങളടക്കമുള്ള മിക്കവരും ചിത്രം ഷെയർ ചെയ്തിട്ടുണ്ട്. ആരാണ് എഐയുടെ സഹായത്തോടെ ഇത് വികസിപ്പിച്ചത് എന്നത് സംബന്ധിച്ച് ഇനിയും വ്യക്തത വരാനുണ്ട്. രേഖാ ചിത്രവുമായി നല്ലതുപോലെ സാമ്യമുണ്ടെന്ന് നെറ്റിസൺസിന്റെ ഭാഗത്ത് നിന്നും പ്രതികരണം വന്നിരുന്നു.
കൊല്ലം കണ്ണനല്ലൂരിൽ ഒരു വീട്ടിലെ കുട്ടി നൽകി വിവരം അനുസരിച്ചാണ് രേഖാചിത്രം തയാറാക്കിയത്. കൂടാതെ, അബിഗേലിനെ കണ്ടെത്തിയ മൂന്ന് വിദ്യാർഥിനികൾ പ്രതിയെന്ന് സംശയിക്കുന്ന യുവതിയെ കണ്ടിരുന്നു. ഈ വിദ്യാർഥിനികളുടെ മൊഴി പ്രകാരം പുതിയ രേഖാചിത്രം തയാറാക്കും.
അതേസമയം, പ്രതികൾ ജില്ല വിട്ടിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. പ്രതികൾക്ക് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ട്. പ്രതികളുടെ ലക്ഷ്യം സാമ്പത്തികം മാത്രമായിരുന്നില്ല. തട്ടിക്കൊണ്ടുപോകലിന് പിന്നിൽ ഒരു പ്രൊഫഷണൽ സംഘമല്ലെന്ന് പോലീസ് സ്ഥിരീകരിക്കുകയും ചെയ്യുന്നു.