സിറിയയിൽ അമേരിക്കൻ വ്യോമാക്രമണം; 11 ഇറാനിയൻ പോരാളികൾ കൊല്ലപ്പെട്ടു
Friday, March 24, 2023 6:54 PM IST
ഡമാസ്കസ്: കിഴക്കൻ സിറിയയിലെ ദേർ അസ് സോർ പട്ടണത്തിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ 11 ഇറാനിയൻ റവല്യൂഷണറി ഗാർഡ് പോരാളികൾ കൊല്ലപ്പെട്ടു. പ്രസിഡന്റ് ജോ ബൈഡന്റെ നിർദേശപ്രകാരം ഇന്ന് ഉച്ചയോടെയാണ് യുഎസ് വ്യോമസേന ആക്രമണം നടത്തിയത്.
വ്യാഴാഴ്ച വടക്കുകിഴക്കൻ സിറിയയിലെ ഹസാക്കെ ബേസ് ക്യാമ്പിന് സമീപത്ത് റവല്യൂഷണറി ഗാർഡ് നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരു അമേരിക്കൻ കോൺട്രാക്ടർ കൊല്ലപ്പെടുകയും അഞ്ച് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പ്രതികാരമായി ആണ് യുഎസ് വ്യോമാക്രമണം നടത്തിയത്.
മോയാദിൻ, ബൗക്കമൽ പട്ടണങ്ങളിലും അമേരിക്കൻ വിമാനങ്ങൾ മിസൈലുകൾ വർഷിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
ഇസ്ലാമിക് സ്റ്റേറ്റ് ഭീഷണയിൽ നിന്ന് സിറിയയെ രക്ഷപ്പെടുത്താനായി 2015-ലാണ് അമേരിക്കൻ സേന കിഴക്കൻ സിറിയയിലേക്ക് എത്തിയത്. അമേരിക്കയുടെ പരമ്പരാഗത വൈരികളായ ഇറാന്റെ നിയന്ത്രണത്തിലുള്ള റവല്യൂഷണറി ഗാർഡുകളുടെ ശക്തമായ സാന്നിധ്യമുള്ള മേഖലയാണിത്.