ബൈക്ക് മോഷ്ടിച്ച സംഭവം: യുവതിയും യുവാവും അറസ്റ്റിൽ
Wednesday, September 18, 2024 1:22 AM IST
പാലക്കാട്: ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബൈക്ക് മോഷ്ടിച്ച സംഭവത്തിൽ യുവതിയും യുവാവും അറസ്റ്റിൽ. പത്തനംതിട്ട കോന്നി അഭിജിത്ത്, മണ്ണാർക്കാട് നെല്ലിപ്പുഴ സ്വദേശി നൗഷിദ എന്നിവരെയാണ് ഷൊർണൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് കഞ്ചാവും പിടികൂടി.
ഷോപ്പുടമകളെ കബളിപ്പിച്ച് മൊബൈൽ കവരുക, നിർത്തിയിട്ട ബൈക്കുകൾ മോഷ്ടിക്കുക, കഞ്ചാവും രാസലഹരിയുടെയും കാരിയർ. കൂടാതെ പത്തനംതിട്ടയിലും കൊച്ചിയിലും മോഷണമുൾപ്പെടെ നിരവധി കേസുകളിലെ പ്രതിയും കൂടിയാണ് അഭിജിത്ത്.
ഓഗസ്റ്റ് 28 ന് ആണ് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഇവർ ബൈക്ക് മോഷ്ടിച്ചത്. തത്തമംഗലം സ്വദേശി വിജുവിന്റെ ബൈക്കാണ് മോഷണം പോയത്. സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊച്ചിൻ പാലത്തിന് സമീപത്തുനിന്നു പ്രതികളെ ബൈക്കുൾപ്പെടെ പിടികൂടിയത്.
വിശദ പരിശോധനയിലാണ് രണ്ട് കിലോ കഞ്ചാവും കണ്ടെടുത്തത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.