"ലോകമേ തറവാട്’: നാട്ടിലെ വാടകവീട്ടില്‍ ജനിച്ച മകന് ജന്മസ്ഥലം ലണ്ടന്‍; അധികൃതരുടെ അനാസ്ഥയില്‍ കുഴങ്ങി ഒരമ്മ
"ലോകമേ തറവാട്’: നാട്ടിലെ വാടകവീട്ടില്‍ ജനിച്ച മകന് ജന്മസ്ഥലം ലണ്ടന്‍; അധികൃതരുടെ അനാസ്ഥയില്‍ കുഴങ്ങി ഒരമ്മ
Wednesday, February 8, 2023 1:34 PM IST
മലപ്പുറം: ഇതുവരെ വിദേശത്ത് പോകാത്ത മാതാപിതാക്കളുടെ മകന്‍റെ ജനന സര്‍ട്ടിഫിക്കറ്റില്‍ ജന്മസ്ഥലം ലണ്ടന്‍! തിരുത്താനായി നിരവധിതവണ അധികൃതരെ സമീപിച്ച് കുഴങ്ങി അമ്മ.

രമാദേവി എന്ന സോണി ഡാനിയേലാണ് മകന്‍റെ ജനന സര്‍ട്ടിഫിക്കറ്റില്‍ അധികൃതര്‍ വരുത്തിയ പിഴവിന്‍റെ പേരില്‍ പ്രതിസന്ധിയിലായിരിക്കുന്നത്. 38 വര്‍ഷം മുമ്പ് മലപ്പുറം പെരിന്തല്‍മണ്ണയിലെ വാടക വീട്ടിലാണ് ഇവരുടെ ഏകമകന്‍ എം.ഡി. റോണി ജനിച്ചത്.

ലഭിച്ച ജനനസര്‍ട്ടിഫിക്കറ്റില്‍ ജനിച്ചവര്‍ഷം1-1-1985 എന്നാണ്. ജനനസ്ഥലമാകട്ടെ ലണ്ടന്‍. മാതാപിതാക്കളുടെ മേല്‍വിലാസം കൊടുത്തിട്ടുമില്ല. 1988 ലാണ് ഈ രജിസ്ട്രേഷന്‍ നടന്നതെന്ന് സര്‍ട്ടിഫിക്കറ്റില്‍ കാണിച്ചിരിക്കുന്നു.

ഈ വര്‍ഷം ജനുവരിയിലാണ് സോണി ഡാനിയല്‍ പാസ്പോര്‍ട്ട് എടുത്തത്. ഭര്‍ത്താവ് പാസ്പോര്‍ട്ട് എടുത്തത് 2008 ലും. പിന്നെ എങ്ങനെ മകന്‍ വിദേശത്ത് ജനിക്കുമെന്നാണ് സോണി അധികൃതരോട് ചോദിക്കുന്നത്.

മകന് അമേരിക്കയിലേക്കുള്ള ജോലി മാറ്റത്തിനാണ് ജനനസര്‍ട്ടിഫിക്കറ്റിന് സോണി അപേക്ഷിച്ചത്. എന്നാല്‍ ജനന സര്‍ട്ടിഫിക്കറ്റില്‍ സംഭവിച്ചിരിക്കുന്ന പിഴവ് കാരണം ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ് കുടുംബം. നിലവില്‍ റോണി ഖത്തറിലാണ്.


സാങ്കേതിക പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ സ്ഥലപ്പേര് തിരുത്താന്‍ തടസങ്ങളുണ്ടെന്നാണ് പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റി അധികൃതര്‍ പറയുന്നത്. വിദേശത്ത് നടന്ന ജനനം രജിസ്റ്റര്‍ ചെയ്യുന്ന നിയമപ്രകാരമാണ് രേഖപ്പെടുത്തിയതെന്നും തീരുമാനമെടുക്കേണ്ടത് ചീഫ് രജിസ്ട്രാര്‍ ആണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

ജനന രജിസ്റ്ററിലെ വിവരങ്ങളും അപേക്ഷകരുടെ വിവരങ്ങളും തമ്മില്‍ വലിയ വൈരുദ്ധ്യമുണ്ടെന്നും ജനന രജിസ്റ്ററില്‍ അമ്മയുടെ പേര് ഡി.എല്‍. സോണി എന്നാണ് കൊടുത്തിരിക്കുന്നതെന്നും പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റി അധികൃതര്‍ വാദിക്കുന്നു.

അനുകൂല തീരുമാനം വന്നില്ലെങ്കില്‍ കൂടുതല്‍ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് സോണിയുടെയും കുടുംബത്തിന്‍റെയും തീരുമാനം.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<