സൈന്യത്തിൽ ഉൾപ്പോര്: ബുർക്കിനാ ഫാസോയിൽ വീണ്ടും ഭരണമാറ്റം
Saturday, October 1, 2022 11:11 AM IST
ഔഗദൗഗൗ: ആഫ്രിക്കൻ രാജ്യമായ ബുർക്കിനാ ഫാസോയിൽ നടന്ന രാഷ്ട്രീയ അട്ടിമറിയിൽ പ്രസിഡന്റ് ലഫ്റ്റനന്റ് കേണൽ പോൾ ഹെന്‍ട്രി ഡാമിബയെ പുറത്താക്കി സൈന്യം ഭരണം പിടിച്ചെടുത്തു. 2022-ൽ രാജ്യം നേരിടുന്ന രണ്ടാമത്തെ ഭരണ അട്ടിമറിയാണിത്.
തലസ്ഥാന നഗരമായ ഔഗദൗഗൗവിൽ ഒരു പകൽ നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കൊടുവിലാണ് ഡാമിബയെ പുറത്താക്കി ക്യാപ്റ്റൻ ഇബ്രാഗിം ട്രവോറയുടെ നേതൃത്വത്തിലുള്ള സൈന്യം ഭരണം പിടിച്ചത്. ജനുവരി 24-ന് പ്രസിഡന്റ് റോഷ് കബോറിനെ പുറത്താക്കാൻ ഡാമിബയോടൊപ്പം അണിനിരന്നവർ തന്നെയാണ് പുതിയ അട്ടിമറിക്ക് പിന്നിലുമെന്നാണ് സൂചന.
വെള്ളിയാഴ്ച ഔഗദൗഗൗവിലെ പ്രസിഡന്റിന്റെ വസതിക്ക് സമീപം നടന്ന വെടിവയ്പിനും ചെറുസ്ഫോടനത്തിനും പിന്നാലെ സർക്കാരിന്റെ ഔദ്യോഗിക ചാനലിലൂടെ പുറത്തുവിട്ട സന്ദേശത്തിലാണ് ട്രവോറ ഭരണമേറ്റതായി പ്രഖ്യാപിച്ചത്. സർക്കാർ പിരിച്ചുവിട്ടതായും ഭരണഘടന റദ്ദാക്കിയതായും പ്രഖ്യാപിച്ച ട്രവോറ രാജ്യത്ത് നിശാകർഫ്യൂ ഏർപ്പെടുത്തുന്നതായും അറിയിച്ചു.
പുറത്താക്കപ്പെട്ട പ്രസിഡന്റ് ഡാമിബയെ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ആഫ്രിക്കയിൽ വേരൂന്നുന്ന ഇസ്ലാമിക തീവ്രവാദത്തെ ചെറുക്കാൻ സർക്കാരിന് കഴിയുന്നില്ലെന്ന് ആരോപിച്ച അധികാരത്തിലെത്തിയ ഡാമിബയെ അതേ കാരണം ചൂണ്ടിക്കാട്ടിയാണ് ട്രവോറ പുറത്താക്കിയതെന്നത് ശ്രദ്ധേയമാണ്.