അണയാത്ത ആധി; ബ്രഹ്മപുരത്ത് തീയിട്ടതാണെന്ന് നാട്ടുകാർ
Sunday, March 26, 2023 6:22 PM IST
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ മാലിന്യത്തിന് തീയിട്ടതാണെന്ന ആരോപണവുമായി നാട്ടുകാർ. സോണ്ട കമ്പനി കരാറുകാരും തൊഴിലാളികളും ശനിയാഴ്ച മാലിന്യപ്ലാന്റിലെത്തിയിരുന്നെന്നും നാട്ടുകാർ പറയുന്നു.
സോൺട ജീവനക്കാർ പ്ലാന്റിൽ എന്തു ചെയ്യുകയായിരുന്നെന്ന് നാട്ടുകാർ ചോദിക്കുന്നു. ഉപകരാര്‍ എടുത്ത ഒരു കോണ്‍ട്രാക്ടറും പ്ലാന്റിലുണ്ടായിരുന്നു. ആരാണ് അവരെ കൊണ്ടുവന്നത്?. ഇതേക്കുറിച്ച് അന്വേഷണം വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
ബ്രഹ്മപുരത്ത് ഉന്നതാധികാരസമിതി എന്തു ചെയ്യുകയാണെന്ന് പ്രദേശവാസികള്‍ ചോദിച്ചു. നേരത്തെ തീ അണച്ചതിന് ശേഷം ഒരു നടപടിക്കും സമിതി തയാറായിട്ടില്ല. ബ്രഹ്മപുരത്തേക്ക് പ്ലാസ്റ്റിക് മാലിന്യം കൊണ്ടു വരില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ കഴിഞ്ഞദിവസവും പ്ലാസ്റ്റിക് മാലിന്യം ബ്രഹ്മപുരത്ത് കൊണ്ടു വന്നു തള്ളി. 50 ലോഡ് പ്ലാസ്റ്റിക് മാലിന്യമാണ് കൊണ്ടുവന്നതെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു.