പൂജ നടത്താന്‍ നാരായണസ്വാമിയെ പൊന്നമ്പലമേട്ടില്‍ എത്തിച്ചയാള്‍ അറസ്റ്റില്‍
Saturday, May 27, 2023 7:37 PM IST
പത്തനംതിട്ട: പൊന്നമ്പലമേട്ടില്‍ കടന്നുകയറി പൂജ നടത്താന്‍ നാരായാണന് സ്വാമിയെയും സംഘത്തെയും എത്തിച്ചയാള്‍ പിടിയില്‍. ഒളിവില്‍ കഴിയുകയായിരുന്ന മ്ലാമല സ്വദേശി ശരത്താണ് പിടിയിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ആറായി.
കഴിഞ്ഞ ദിവസം ഇടുക്കി മ്ലാമല സ്വദേശി സൂരജിനെ വനംവകുപ്പ് അറസ്റ്റ് ചെയ്തിരുന്നു. പൂജയ്ക്കായി നാരായണസ്വാമിയെ എത്തിച്ച വാഹനമോടിച്ചത് സൂരജാണ്. പ്രധാന പ്രതികള്‍ക്ക് പൊന്നമ്പലമേട്ടിലേക്ക് എത്താന്‍ വഴികാട്ടികളായിരുന്ന വനം വകുപ്പ് ജീവനക്കാരായ രാജേന്ദ്രന്, സാബു എന്നിവരും ഇടനിലക്കാരനായ കുമളി സ്വദേശി കണ്ണനും കെഎഫ്ഡിസി കോളനിയില്‍ താമസിക്കുന്ന ഈശ്വരനുമാണ് സംഭവത്തില്‍ നേരത്തെ പിടിയിലായത്.
മേയ് എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. നാരായണസ്വാമിയുടെ നേതൃത്വത്തില്‍ പൊന്നമ്പലമേട്ടില്‍ പൂജ നടത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. നാരായണ സ്വാമി അടക്കം അഞ്ച് പേരെക്കൂടി കേസില്‍ ഇനി പിടികൂടാനുണ്ട്.