രാഹുൽ മനപായസം ഉണ്ടോട്ടെ; ബിജെപി 200 സീറ്റുകൾ നേടും: ശിവരാജ് സിംഗ് ചൗഹാൻ
Monday, May 29, 2023 10:44 PM IST
ഭോപ്പാൽ: വരുന്ന മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 150 സീറ്റുകൾ നേടുമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ.
രാഹുൽ വെറുതെ മനപായസം ഉണ്ടോട്ടെയെന്നും ബിജെപി ഇരുനൂറിലധികം സീറ്റുകൾ നേടി വീണ്ടും അധികാരത്തിൽ വരുമെന്നും ശിവരാജ് സിംഗ് പറഞ്ഞു.
കർണാടകയിലെ കോൺഗ്രസ് വിജയം മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്നും 150 സീറ്റുകൾ നേടുമെന്നുമായിരുന്നു രാഹുലിന്റെ പ്രഖ്യാപനം. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് മുന്നോടിയായുള്ള യോഗത്തിന് ശേഷമായിരുന്നു രാഹുലിന്റെ പ്രസ്താവന.
മധ്യപ്രദേശ് പിസിസി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ കമൽനാഥ്, കോൺഗ്രസ് അധ്യക്ഷൻ മല്ലിഖാർജുന ഖാർഗെ, കോൺഗ്രസ് പ്രവർത്തക സമിതി അംഗം കെ.സി.വേണുഗോപാൽ തുടങ്ങിയവർ പാർട്ടി ആസ്ഥാനത്ത് നടന്ന യോഗത്തിൽ പങ്കെടുത്തു.
ഈ വർഷം അവസാനമാണ് മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടത്. 230 അംഗ നിയമസഭയിലേക്കാണ് തെരഞ്ഞെടുപ്പ്. 2018-ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 114 സീറ്റുകൾ നേടി അധികാരം പിടിച്ചെങ്കിലും ജ്യോതിരാദിത്യ സിന്ധ്യയുടെ വിമത പ്രവർത്തനത്തിലൂടെ 2020-ൽ ഭരണം നഷ്ടമാവുകയായിരുന്നു.
സിന്ധ്യയും അനുകൂലികളുമായ 23 എംഎൽഎമാർ രാജിവച്ചതോടെയാണ് കോൺഗ്രസ് സർക്കാരിന്റെ ഭൂരിപക്ഷം നഷ്ടപ്പെട്ടത്. പിന്നീട് നടന്ന 28 മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിൽ 19 സീറ്റിലും വിജയിച്ച് ബിജെപി ഭരണം ഉറപ്പിക്കുകയായിരുന്നു.