ഒടുവിൽ തുറന്ന് സമ്മതിച്ച് ട്രംപ്; ഇരട്ട തീരുവ ഭിന്നതയ്ക്ക് ഇടയാക്കി
Saturday, September 13, 2025 7:34 AM IST
വാഷിംഗ്ടൺ ഡിസി: ഇന്ത്യയ്ക്കും അമേരിക്കയ്ക്കുമിടയിൽ ഭിന്നതയ്ക്ക് ഇടയാക്കിയത് ഇരട്ട തീരുവ പ്രഖ്യാപിച്ചതെന്ന് തുറന്ന് സമ്മതിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 50 ശതമാനം താരിഫ് ചുമത്തിയത് ഇരു രാജ്യങ്ങൾക്കുമിടയിൽ തർക്കത്തിലേക്ക് നയിച്ചുവെന്നും ആ തീരുമാനം എടുക്കുന്നത് എളുപ്പമായിരുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനാണ് തീരുവ ചുമത്തിയതെന്ന് അഭിമുഖത്തിൽ ട്രംപ് പറഞ്ഞിരുന്നു. അതേസമയം ഇരട്ട തീരുവ പിൻവലിക്കുമെന്ന ഒരു സൂചനയും ട്രംപ് നൽകിയിട്ടില്ല. ഇന്ത്യയുമായുള്ള വ്യാപാര തടസങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ അമേരിക്ക തുടരുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കുമെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.
അതേസമയം അടുത്ത ആഴ്ച ഇന്ത്യയുടെ വാണിജ്യ മന്ത്രി വാഷിംഗ്ടൺ സന്ദർശിക്കുമ്പോൾ ഇന്ത്യയിലെ അമേരിക്കൻ അംബാസഡറായി ട്രംപ് നാമനിർദേശം ചെയ്ത സെർജിയോ ഗോർ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തും. മറ്റ് നേതാക്കളെ വിമർശിക്കുന്നതിൽ മടിയില്ലാത്ത ട്രംപ് മോദിയെ വ്യക്തിപരമായി ആക്രമിച്ചിട്ടില്ലെന്ന് ഗോർ ചൂണ്ടിക്കാട്ടി.