ഭാര്യയുടെയും ബന്ധുക്കളുടെയും മാനസികപീഡനം; യുവാവ് ജീവനൊടുക്കി
Saturday, September 13, 2025 9:27 AM IST
ലക്നോ: ഉത്തർപ്രദേശിലെ മീററ്റിൽ ഭാര്യയുടെയും ബന്ധുക്കളുടെയും നിരന്തരമായ പീഡനത്തെ തുടർന്ന് യുവാവ് ജീവനൊടുക്കി. ജാൻ മുഹമ്മദ്(40) എന്നയാളാണ് മരിച്ചത്.
വിഷം കഴിച്ചാണ് ഇയാൾ ജീവനൊടുക്കിയത്. സംഭവത്തിന് തൊട്ട് മുൻപ്, ഭാര്യയിൽ നിന്നും ബന്ധുക്കളിൽ നിന്നും താൻ അനുഭവിച്ച പീഡനങ്ങളെക്കുറിച്ച് വിവരിക്കുന്ന മൂന്ന് വീഡിയോകൾ അദ്ദേഹം ചിത്രീകരിച്ചിരുന്നു.
വ്യാഴാഴ്ച ലിസാരി ഗേറ്റ് പ്രദേശത്ത് നടന്ന സംഭവത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചതായും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായും എസ്പി സിറ്റി ആയുഷ് വിക്രം സിംഗ് പറഞ്ഞു.
ജാൻ മുഹമ്മദിന്റെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ഭാര്യ ഷെഹ്നാസ്, അമ്മായിയമ്മ അഹമ്മദ് നിഷ, സഹോദരീഭർത്താക്കൻമാരായ ഇസ്രാർ, ഷാൻ മുഹമ്മദ്, ഖാസിം, ഖാസിഫ്, ബന്ധുക്കളായ സലാവുദ്ദീൻ, സൽമാൻ എന്നിവർക്കെതിരെ മാനസികവും ശാരീരികവുമായ പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും പോലീസ് കേസെടുത്തു. പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.