"എന്റെ രക്തത്തിനുവേണ്ടി ചിലർ ദാഹിക്കുന്നു'; ജോസ് നല്ലേടത്തിന്റെ അവസാന പ്രതികരണം
Saturday, September 13, 2025 10:37 AM IST
വയനാട്: ജീവനൊടുക്കിയ മുള്ളൻകൊല്ലി പഞ്ചായത്തംഗം ജോസ് നെല്ലേടത്തിന്റെ അവസാന പ്രതികരണം പുറത്ത്.
തങ്കച്ചന്റെ വീട്ടിൽ തോട്ടയും മദ്യവും വച്ചിട്ടുണ്ടെന്ന വിവരം പോലീസിന് കൈമാറിയത് താനാണെന്നും എന്നാൽ പ്രാഥമിക അന്വേഷണം നടത്താതെയാണ് തങ്കച്ചനെ പോലീസ് അറസ്റ്റ് ചെയ്തതെന്നും ജോസ് നല്ലേടം പറയുന്നു.
സാമൂഹ മാധ്യമങ്ങളിൽ നടക്കുന്ന തെറ്റായ പ്രചരണം തന്റെ ചോരയ്ക്ക് വേണ്ടിയാണെന്നും വ്യക്തിഹത്യ സഹിക്കാനാകുന്നില്ലെന്നും പ്രാദേശിക ലേഖന് നൽകിയ പ്രതികരണത്തിൽ ജോസ് നെല്ലേടത്ത് പറയുന്നു.
"ജനജാഗ്രതാ സമിതിയുടെ ഭാഗമായി പോലീസിന് നേരത്തെയും വിവരം നൽകിയിരുന്നു. എന്നാൽ പോലീസ് പ്രാഥമിക അന്വേഷണം നടത്തിയില്ല. താൻ അഴിമതിക്കാരനാണെന്ന് പ്രചാരണം നടക്കുന്നു. തന്റെ പ്രവർത്തനങ്ങളിൽ അസൂയയുള്ള ആളുകളാണ് ഇതിന് പിന്നിൽ. അനർഹമായ ഒന്നും കൈപ്പറ്റാതെ ആണ് ഇതുവരെ പൊതുപ്രവർത്തനം നടത്തിയത്. വ്യക്തിയെന്ന നിലയിൽ താങ്ങാൻ കഴിയുന്ന കാര്യങ്ങളല്ല നടക്കുന്നത്. മുന്നിലെത്തിയ എല്ലാവരെയും സഹായിച്ചിട്ടുണ്ട്. വലിയ അഴിമതിക്കാരനായി മുദ്രകുത്തുന്നു. 50 ലക്ഷത്തിലധികം സാമ്പത്തിക ബാധ്യതയുണ്ട്'.
"തന്റെ മക്കളുടെ ഭാവി പോലും നശിപ്പിക്കുന്ന വിധത്തിലാണ് പ്രചാരണം സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. താന്‍ ക്വാറിക്കാരില്‍ നിന്ന് പണം വാങ്ങിയെന്ന് പ്രചാരണം നടക്കുന്നു. വ്യക്തിയെന്ന നിലയില്‍ താങ്ങാനാകുന്ന കാര്യങ്ങളല്ല ഇതൊന്നും. പരിഷ്കൃത സമൂഹത്തില്‍ നിന്ന് ലഭിക്കേണ്ടുന്ന പിന്തുണ തനിക്ക് ലഭിക്കുന്നില്ല. തന്നോട് അസൂയയുള്ള ചിലര്‍ തന്റെ രക്തത്തിനുവേണ്ടി ദാഹിക്കുന്നു. തന്നെയും കുടുംബത്തേയും തകര്‍ക്കാന്‍ നോക്കുന്നത് എന്തിനെന്ന് മനസിലാകുന്നില്ല'- ജോസ് നെല്ലേടത്ത് വീഡിയോയിൽ പറയുന്നു.