പാലക്കാട്ട് മന്ത്രവാദിയും യുവാവും പുഴയിൽ മുങ്ങിമരിച്ചു
Saturday, September 13, 2025 5:54 PM IST
പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ മന്ത്രവാദിയും യുവാവും പുഴയിൽ മുങ്ങിമരിച്ചു. കൊഴിഞ്ഞാമ്പാറ സ്വദേശി ഹസൻ മുഹമ്മദ്, കോയമ്പത്തൂർ സ്വദേശി യുവരാജ് എന്നിവരാണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് സംഭവം. കൊഴിഞ്ഞാമ്പാറ കുലുക്കപ്പാറയിലെ പുഴയിലാണ് അപകടം. കൊഴിഞ്ഞാമ്പാറ പള്ളിത്തെരുവിലെ ഹസൻ മുഹമ്മദിന്റെ വീട്ടിലാണ് ദുർമന്ത്രവാദ ക്രിയകൾ നടന്നത്. ഇതിനുശേഷം പുഴയിലേക്ക് മന്ത്രവാദിയായ ഹസൻ മുഹമ്മദും പരിഹാരക്രിയയ്ക്ക് എത്തിയ 18 കാരൻ യുവരാജും ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.
യുവരാജും അമ്മയും സഹോദരി ഭർത്താവും ഉൾപ്പെടെ നാല് പേരാണ് കോയമ്പത്തൂരിൽ നിന്നും ഹസൻ മുഹമ്മദിന്റെ അടുത്ത് എത്തിയത്. മകന് ജോലി ഒന്നും ശരിയാവുന്നില്ലെന്ന് പറഞ്ഞ്. കഴിഞ്ഞ ശനിയാഴ്ച ഹസൻ മുഹമ്മദിന്റെ അടുത്ത് കുടുംബം എത്തിയപ്പോൾ ഒരാഴ്ച കഴിഞ്ഞു വീണ്ടും വരാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെ 10.30 ഓട് കൂടെയാണ് കൊഴിഞ്ഞാമ്പാറ പള്ളിത്തെരുവിലേക്ക് കുടുംബം എത്തിയത്.