കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം; അനുരാഗിനെ നിയമിക്കാന്‍ ദേവസ്വം ഭരണസമിതി തീരുമാനം
Sunday, September 14, 2025 12:56 AM IST
തൃശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയില്‍ ചേര്‍ത്തല സ്വദേശി കെ.എസ്. അനുരാഗിനെ നിയമിക്കാന്‍ ദേവസ്വം ഭരണസമിതി യോഗത്തില്‍ തീരുമാനം. ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് നിയമിച്ച കെ.എസ്. അനുരാഗിന് രണ്ട് ദിവസത്തിനുള്ളില്‍ നിയമന ഉത്തരവ് നല്‍കുമെന്നും കൂടല്‍മാണിക്യം ദേവസ്വം ഭരണസമിതി അറിയിച്ചു.
കഴകം തസ്തികയിലേക്ക് റാങ്ക് പട്ടികയില്‍നിന്നും ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് നടത്തിയ നിയമനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളിയതോടെയാണ് നിയമന തടസങ്ങള്‍ നീങ്ങിയത്.
നിയമനം വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്ന് ഹര്‍ജിക്കാര്‍ക്ക് കോടതിയില്‍ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ദേവസ്വം ചെയര്മാന് സി.കെ. ഗോപി മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് ദിവസത്തിനുള്ളില്‍ കെ.എസ്. അനുരാഗിന് നിയമന ഉത്തരവ് പോസ്റ്റലായി അയച്ച് നല്‍കുമെന്നും ചെയര്മാന് വ്യക്തമാക്കി.