മുൻ അധ്യക്ഷൻ കണ്ണൂരിന്റെ കെപിസിസി പ്രസിഡന്റ്: ഇപ്പോഴത്തേത് പേരാവൂരിന്റെയും; പരിഹസിച്ച് കൊടിക്കുന്നില്‍ സുരേഷ്
Monday, September 15, 2025 11:06 PM IST
തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെ പരിഹസിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി. മുന്‍ അധ്യക്ഷന്‍ കണ്ണൂരിന്റെ കെപിസിസി പ്രസിഡന്റായിരുന്നെങ്കില്‍ ഇപ്പോഴത്തേത് പേരാവൂരിന്റെ പ്രസിഡന്റാണെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
കെപിസിസി യോഗത്തിലാണ് കൊടിക്കുന്നില്‍ സുരേഷ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ വൈകാരികമായിട്ടാണ് സണ്ണി ജോസഫ് പ്രതികരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ പങ്കെടുത്ത പരിപാടികള്‍ ഓരോന്നായി സണ്ണി ജോസഫ് എണ്ണിപ്പറഞ്ഞു.
തുടർന്ന് പരാമർശങ്ങൾ പിൻവലിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടതോടെ കൊടിക്കുന്നിൽ പിൻവലിച്ചു. സണ്ണി ജോസഫ് തന്റെ മണ്ഡലമായ പേരാവൂരിൽ കൂടുതൽ സമയവും കേന്ദ്രീകരിക്കുന്നു എന്നതായിരുന്നു കൊടുക്കുന്നിൽ സുരേഷ് എംപിയുടെ പരിഹാസത്തിന് കാരണം.