മാൻഹോളിൽ വീണ് രണ്ടു വയസുകാരന് ദാരുണാന്ത്യം
Tuesday, September 16, 2025 12:31 AM IST
ഗുരുഗ്രാം: മാൻഹോളിൽ വീണ് രണ്ടു വയസുകാരന് ദാരുണാന്ത്യം. ഗുരുഗ്രാമിലെ സെക്ടർ 65ലെ ഇഫ്കോ ചൗക്കിന് സമീപമാണ് അപകടമുണ്ടായത്.
ദിൽരാജ് എന്ന കുട്ടിയാണ് മരിച്ചത്. രാജസ്ഥാൻ സ്വദേശിയായ കാലുവിന്റെ മകനാണ് മരിച്ച കുട്ടി. ഉല്ലാവാസ് പ്രദേശത്താണ് കുടുംബം താമസിച്ചിരുന്നത്.
തിങ്കളാഴ്ച രാവിലെ ഭാര്യയോടൊപ്പം ജോലി ചെയ്യുന്നതിനിടെ കാലു മകനെ മാൻഹോളിനടുത്താണ് ഇരുത്തിയത്. മാൻഹോളിന്റെ മൂടി ഭാഗികമായി മാത്രമാണ് മൂടിയിരുന്നത്. കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ മാൻഹോളിനുള്ളിലേക്ക് വീഴുകയായിരുന്നു.
വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ കുട്ടിയെ പുറത്തെടുത്തു. ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണംസംഭവിച്ചിരുന്നു.