യുവതിക്ക് അയൽവാസിയുടെ ക്രൂര മർദനം, പോലീസ് പരാതി സ്വീകരിക്കാൻ തയാറായില്ലെന്ന് യുവതി
Friday, September 19, 2025 7:19 AM IST
താമരശേരി: അയൽവാസിയായ യുവതിയെ മദ്യലഹരിയിൽ ക്രൂരമായി മർദിച്ചതായി പരാതി. എന്നാൽ പരാതി നൽകിയെങ്കിലും സ്വീകരിച്ച് റസീറ്റ് നൽകാനോ സ്ഥലത്തെത്തി അന്വേഷിക്കാനോ തയാറായില്ലെന്ന് മർദനത്തിൽ പരുക്കേറ്റ പുതുപ്പാടി ആനോറമ്മൽ സൗമ്യ പറഞ്ഞു.
വീടിനു സമീപത്തെ മറ്റൊരു കുട്ടിയെ യുവാവ് ഉപദ്രവിക്കുന്നത് കണ്ട് ഇടപെട്ടതാണ് ആക്രമത്തിന് കാരണം. ഇന്നലെ വൈകുന്നേരം ഏഴോടെയായിരുന്നു അയൽവാസിയായ ടോമി (25) യുവതിയെ മർദിച്ചത്.
ഉടൻ താമരശേരി പോലീസ് സ്റ്റേഷനിൽ എത്തി പോലീസ് നൽകിയ നിർദേശ പ്രകാരം താമരശേരി ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് പരാതിയുമായി സ്റ്റേഷനിൽ എത്തുകയായിരുന്നു. എന്നാൽ പരാതി സ്വീകരിച്ച് റസീറ്റ് നൽകാൻ പോലും പോലീസ് തയാറായില്ലെന്ന് സൗമ്യ പറഞ്ഞു.
സംഭവത്തിൽ പരാതി ലഭിച്ച ഉടൻ അടിവാരം ഔട്ട് പോസ്റ്റിൽനിന്നു പോലീസിനെ അയച്ചതായും രാത്രിയായതിനാലാണ് പരാതിക്ക് റസീറ്റ് നൽകാൻ സാധിക്കാതിരുന്നതെന്നും പോലീസ് പറഞ്ഞു.